ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കുമെന്നും അതാർക്കും തടയാനാകില്ലെന്നും അതിനായി എന്തു സഹായവും നല്‍കുമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്‌നമാണെന്നും രാംജന്മഭൂമി ആന്ദോളന്‍ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തയാളാണ് താനെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി വേഗത്തില്‍ തീരുമനമെടുക്കണമെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി.പി.ചൗധരിയും അഭിപ്രായപ്പെട്ടു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരുടേയും പ്രസ്താവന.
സര്‍ക്കാരിന്റെ അഭിപ്രായം എന്തെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ, തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജൂഡീഷ്യല്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ ഒരു നിയമം നിർമ്മിക്കണമെന്നും ചൗധരി വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മാണം കോടതിയുടെ പരിഗണനയിലിരിക്കെ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആത്മീയ നേതാക്കന്മാര്‍ രംഗത്തെത്തിയിയിരുന്നു. വരുന്ന ഡിസംബര്‍ അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ക്ഷേത്ര നിര്‍മാണത്തിനു ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് എന്ന തിയ്യതി തിരഞ്ഞെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഹിന്ദുക്കളെല്ലാം അന്നത്തെ ദിവസം അയോധ്യയിലെത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.