രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. 130 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 18,000 കടന്നു. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ കേസുകളുടെ ശരാശരിയേക്കാള്‍ 78 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ള. മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും സമാനമാണ് കാര്യങ്ങള്‍.
122 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ ആകെ സജീവ കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു (1,04,555). കഴിഞ്ഞ 24 മണിക്കൂറിനിടെ 18,819 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 4,953 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. 39 മരണവും രേഖപ്പെടുത്തി. ആകെ മരണങ്ങളുടെ എണ്ണം 5,25,116 ആയി. എന്നാല്‍ രോഗമുക്തി നേടിയവരുടെ എണ്ണം 98.55 ശതമാനമാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയ വിവരമനുസരിച്ച് രാജ്യത്ത് 43 ജില്ലകളിലാണ് പ്രതിവാര രോഗവ്യാപന നിരക്ക് 10 ശതമാനത്തിന് മുകളില്‍. കേരളമാണ് ഏറ്റവും മുന്നില്‍. 11 ജില്ലകളിലും കോവിഡ് സാഹചര്യം ഗുരുതരമാണ്. മിസോറാമില്‍ ആറ് ജില്ലകളിലും മഹാരാഷ്ട്രയില്‍ അഞ്ച് ജില്ലകളിലുമാണ് സമാന സ്ഥിതിയുള്ളത്.
മിസോറാമിലെ കൊലാസിബ് ജില്ലയില്‍ 64.86 ശതമാനമാണ് രോഗവ്യാപന നിരക്ക്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിസോറാമില്‍ കോവിഡ് പരിശോധന കുറവാണെന്നാണ് ലഭിക്കുന്ന വിവരം.

ജമ്മു കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡിഷ, മണിപ്പൂര്‍, മിസോറാം, ഗോവ, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് രോഗവ്യാപനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുന്നത്. 5-10 ശതമാനം വരെ രോഗവ്യാപന നിരക്കുള്ള 42 ജില്ലകള്‍ രാജ്യത്തുണ്ട്. 627 ജില്ലകളില്‍ ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്.
ജൂണ്‍ മൂന്നിനാണ് രാജ്യത്ത് പ്രതിദിന കേസുകള്‍ 4,000 കടന്നത്. ജൂണ്‍ ഒന്‍പത് – 7000, ജൂണ്‍ 11 – 8,000, ജൂണ്‍ 16 – 12,000, ജൂണ്‍ 18 – 13,000, ജൂണ്‍ 24 – 17,000, ജൂണ്‍ 30 – 18,000 എന്നിങ്ങനെയായിരുന്നു കേസുകളുടെ ഉയര്‍ച്ച.
ഇന്ത്യയിലെ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത് 2020 ഓഗസ്റ്റ് ഏഴിനായിരുന്നു. ഓഗസ്റ്റ് 23 – 30 ലക്ഷം, സെപ്തംബര്‍ അഞ്ച് – 40 ലക്ഷം, സെപ്തംബര്‍ 16 – 50 ലക്ഷം. സെപ്തംബര്‍ 28 – 60 ലക്ഷം, ഒക്ടോബര്‍ 11 – 70 ലക്ഷം, ഒക്ടോബര്‍ 29 – 80 ലക്ഷം, നവംബര്‍ 20 – 90 ലക്ഷം. ഡിസംബര്‍ 19 നായിരുന്നു ആകെ കേസുകള്‍ ഒരു കോടി കവിഞ്ഞത്. 2021 മേയ് നാലിന് രണ്ട് കോടിയും ജൂണ്‍ 23 ന് മൂന്ന് കോടിയും കവിഞ്ഞു. ഈ വര്‍ഷം ജനുവരി 25 നാണ് കേസുകള്‍ നാല് കോടി പിന്നിട്ടത്.
മരണങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 39 മരണങ്ങളില്‍ പതിനേഴും കേരളത്തിലാണ്. മഹാരാഷ്ട്ര (ഏഴ്), ഉത്തര്‍ പ്രദേശ് (നാല്), പഞ്ചാബ് (മൂന്ന്), ഹരിയാന (രണ്ട്), കര്‍ണാടക (രണ്ട്), പശ്ചിമ ബംഗാള്‍ (രണ്ട്), ഡല്‍ഹി (ഒന്ന്), സിക്കിം (ഒന്ന്).
5.25 ലക്ഷം മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര (1,47,922), കേരളം (69,993), കര്‍ണാടക (40,117), തമിഴ്നാട് (38,026), ഡല്‍ഹി (26,261), ഉത്തര്‍ പ്രദേശ് (23,538), പശ്ചിമ ബംഗാള്‍ (21,218) എന്നിവയാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍. 2,602 ഇന്ത്യക്കാരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നതെന്ത്
മഹാമാരിയുടെ തുടക്കം മുതല്‍ 31 പേരില്‍ ഒരാള്‍ക്ക് രാജ്യത്ത് രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വാരത്തില്‍ പ്രതിദിന കേസുകളുടെ ശരാശരി 15,315 ആണ്. ഏകദേശം 78 ശതമാനത്തിന്റെ വര്‍ധനവാണ് രണ്ട് ആഴ്ച മുന്‍പത്തെ ശരാശരിയേക്കാള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
