ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1805 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 134 ദിവസങ്ങൾക്കുശേഷം സജീവ കേസുകളുടെ എണ്ണം 10,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.39 ആണ്.
സജീവ കേസുകളുടെ എണ്ണം 10,300 ആയി ഉയർന്നു. ഇന്നലെ സജീവ കേസുകളുടെ എണ്ണം 9,433 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഛണ്ഡിഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒരു മരണവും കേരളത്തിൽ രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 5,30,837 ആയി ഉയർന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കണക്ക് അനുസരിച്ച്, ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധയുടെ 0.02 ശതമാനമാണ്. അതേസമയം, ദേശീയ രോഗമുക്തി നിരക്ക് 98.79 ശതമാനമാണ്. രോഗം ഭേദമായവരുടെ എണ്ണം 4,41,64,815 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്. ഇതുവരെ 220.65 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.