ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരത്തില്‍ വന്നതിന് പിന്നാലെ പൂട്ടിച്ച അറവുശാല വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രം. യുപിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ മാത്രമാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടിക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം വേണ്ടെന്നും ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. അറവുശാലാ പരിസരത്ത് സിസിടിവി സ്ഥാപിക്കണമെന്ന് ലൈസന്‍സില്‍ നിര്‍ദേശിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ക്യാമറ സ്ഥാപിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ പോത്തിറച്ചി ഇറക്കുമതി ചെയ്യാൻ ചൈന അനുവദിക്കില്ല എന്ന കാര്യം ഒരു അംഗം ചൂണ്ടിക്കാണിച്ചപ്പോൾ ചൈനയിൽനിന്നുള്ള പല സാധനങ്ങളും നിലവാരത്തകർച്ച മൂലം ഇന്ത്യയിൽ വിൽക്കാൻ പറ്റാത്തതാണെന്നും നിര്‍മല സീതാരാമന്‍ മറുപടിയായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ