ന്യൂഡൽഹി: ജമ്മു കശ്മീർ വിഭജനം മുതൽ പൗരത്വ ഭേദഗതി നിയമം വരെ കഴിഞ്ഞ​ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ ഒറ്റപ്പെടുത്തിയെന്ന് മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ. വെള്ളിയാഴ്ച പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ കോൺസ്റ്റിറ്റ്യൂഷണൽ കണ്ടക്ട് ഗ്രൂപ്പും കാർവാൻ-ഇ-മൊഹബത്തും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നടപടികൾ സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള രാജ്യാന്തര ഉടമ്പടിയുടെ ആർട്ടിക്കിൾ 2 (1) ലംഘിക്കുന്നതാകാമെന്നും ഉടമ്പടിയുടെ അവകാശങ്ങൾ “ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമില്ലാതെ അതിന്റെ പ്രദേശത്തെ എല്ലാ വ്യക്തികൾക്കും ബാധകമാക്കണമെന്നും” ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ പൗരന്മാർക്കും എന്നല്ല, എല്ലാ വ്യക്തികൾക്കും എന്നാണ് പറയുന്നതെന്ന കാര്യം കൂടുതൽ വ്യക്തമാക്കി.

മതങ്ങളും അസഹിഷ്ണുതയും നയിക്കുന്ന പാക്കിസ്ഥാൻ പോലൊരു രാജ്യത്തോട് സ്വന്തം രാജ്യത്തെ താരതമ്യപ്പെടുത്തേണ്ട ഒരു അവസ്ഥയിലേക്ക് നമ്മൾ ചെന്നെത്തി എന്നതാണ് സമീപകാലത്തെ നമ്മുടെ നേട്ടം എന്നും അദ്ദേഹം വിമർശിച്ചു. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാകാനുള്ള ഇന്ത്യയുടെ യോഗ്യത നമുക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read More: പൗരത്വ ഭേദഗതി നിയമ രൂപീകരണം: സംസ്ഥാനങ്ങളുമായി ചർച്ചയുണ്ടാകില്ല

പൗരത്വ പട്ടികയും പൗരത്വ നിയമവും രാജ്യാന്തര തലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കുമെന്നും ഇന്ത്യയെന്ന ആശയത്തിന്റെ തന്നെ ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള ധാരണ തന്നെ നിയമം പാസാക്കിയതോടെ മാറി. രാജ്യത്തിന്റെ സുഹൃത്തുക്കൾപ്പോലും അകന്നുനിൽക്കുകയാണ്. രാജ്യാന്തര ധാരണകളുടെ ലംഘനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് കോൺഗ്രസിന്റെ വിദേശകാര്യ സമിതിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ തീരുമാനത്തേയും അദ്ദേഹം ചോദ്യം ചെയ്തു. സി‌എ‌എയെ വിമർശിച്ച് പ്രമേയം അവതരിപ്പിച്ച ചെന്നൈ വംശജനായ യു‌എസ് കോൺഗ്രസ് അംഗം പ്രമീ ള ജയപാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ടിയിരുന്ന യോഗമായിരുന്നു അത്.

“ഒരു മീറ്റിങ്ങിൽ പങ്കെടുത്ത് ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതിനുപകരം, നമ്മൾ ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ 25 വർഷമായി യുഎസിൽ നിലനിന്നിരുന്ന ഉഭയകക്ഷി സമവായം നാം ലംഘിച്ചു.”

ചില പ്രവാസികളും മറ്റു രാജ്യങ്ങളിലെ  തീവ്ര വലതു പാർലമെന്റ് അംഗങ്ങളും ഒഴികെ ഇന്ത്യയുടെ സമീപകാല നടപടികൾക്ക് അർഥവത്തായ രാജ്യാന്തര പിന്തുണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല വിമർശകരുടെ എണ്ണം കൂടിയതായും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമനി ചാൻസലർ എയ്ഞ്ചല മെർക്കൽ എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

“ഞാൻ സംസാരിച്ച അറിവുള്ള​ എല്ലാ ആളുകളും നമ്മുടെ നടപടികൾ രാജ്യാന്തര പ്രതിബദ്ധതകളുടെ ലംഘനമാണെന്ന് വിമർശിക്കുന്നവരാണ്. രാജ്യാന്തര നിയമം നടപ്പിലാക്കാൻ കഴിയില്ലെന്ന് പറയുന്നവർ, രാജ്യാന്തര നിയമത്തിന്റെ ലംഘകരായി കണക്കാക്കപ്പെടുന്നതിന്റെ രാഷ്ട്രീയവും മറ്റ് അനന്തരഫലങ്ങളും കൂടി പരിഗണിക്കണം,” ശിവശങ്കർ മേനോൻ പറഞ്ഞു.

യുഎൻ  ഹൈക്കമ്മീഷണർ സി‌എ‌എയെ അപലപിച്ചുവെന്നും യുഎൻ സുരക്ഷാ സമിതി 40 വർഷത്തിന് ശേഷം കശ്മീർ ചർച്ച നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വാൾസ്ട്രീറ്റ് ജേണൽ’ മുതൽ ‘ഗാർഡിയൻ’ വരെയുള്ളവരുടെ അഭിപ്രായ പ്രകടനങ്ങളിലെ മാറ്റങ്ങളെയും ശിവശങ്കർ മേനോൻ ചൂണ്ടിക്കാട്ടി. സിഎഎ, എൻആർസി എന്നിവയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ “അവർ തമ്മിൽ തല്ലട്ടെ” എന്ന ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമൻ ഖാന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി, നമ്മുടെ സ്വാധീന വലയത്തിലുള്ളവർ പോലും ഇങ്ങനെ പറയുമ്പോൾ ശത്രുക്കൾ എന്തായിരിക്കും ചിന്തിക്കുന്നുണ്ടാകുകയെന്ന് അദ്ദേഹം ചോദിച്ചു. നമ്മെ ആക്രമിക്കാൻ നാം തന്നെ ശത്രുക്കൾക്ക് അവസരമുണ്ടാക്കി കൊടുത്തെന്നും ശിവശങ്കർ മേനോൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook