വാഷിങ്‌ടൺ: ഭീകര സംംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാനോട് ആവർത്തിച്ച് ആവശ്യപ്പെട്ട് യുഎസ്. സ്വന്തം മണ്ണിലെ ഭീകരസംഘടനകൾക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു രീതിയിൽ തങ്ങൾ അത് ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ഹെതർ നൗർട്ട് പറഞ്ഞു. ഭീകരർക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം. അവർക്കെതിരെ നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തെക്കുറിച്ച് പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. പാക്ക് അതിർത്തികളിലുളള ഭീകര സംഘത്തിനെതിരെ അവർ ഉറപ്പായും നടപടികൾ സ്വീകരിക്കണമെന്നും ഹെതർ പറഞ്ഞു.

ഭീകരർക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിക്കണമെന്നാണ് യുഎസിന്റെ ആവശ്യമെന്ന് ജനീവയിൽ വാർത്താസമ്മേളനത്തിൽ ടില്ലേഴ്സൺ പറഞ്ഞിരുന്നു. പരമാധികാരമുളള രാജ്യമാണ് പാക്കിസ്ഥാൻ. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ ഭീകരർക്കെതിരെ നടപടി എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഞങ്ങൾ മറ്റു രീതിയിലൂടെ ആ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെക്കൻ ഏഷ്യൻ പര്യടനത്തിലാണ് ഇപ്പോൾ ടില്ലേഴ്സൺ. ഇതിന്റെ ഭാഗമായി ടില്ലേഴ്സൺ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. അവിടെവച്ചും ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ടില്ലേഴ്സൺ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് സെക്രട്ടറിയായതിന് ശേഷമുള്ള ടില്ലേഴ്‌സന്റെ ആദ്യത്തെ തെക്കന്‍ ഏഷ്യ സന്ദര്‍ശനമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ