ന്യൂഡൽഹി: വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മിക്ക് തടയിടാന്‍ 19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തീരുവ കൂട്ടി.  ജിഎസ്‌ടി നിരക്ക് കുറച്ചതുമൂലം വിലകുറഞ്ഞ പല ഹോം അപ്ലൈയന്‍സുകളുടെയും വില ഇതോടെ വീണ്ടും ഉയരും. 2.5 ശതമാനം മുതൽ 10 ശതമാനം വരെയാണ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രി മുതൽ പുതുക്കിയ വില നിലവിൽ വന്നു.

എയർ കണ്ടീഷനർ,  10 കിലോയ്ക്ക് താഴെയുളള വാഷിങ് മെഷീൻ,  ഫ്രിഡ്‌ജ് എന്നീ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചു. ഫ്രിഡ്‌ജിലും എസിയിലും ഉപയോഗിക്കുന്ന കംപ്രസറിന് 7.5 ശതമാനം ആയിരുന്ന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. ‌

സ്പീക്കർ, റേഡിയൽ കാർ ടയർ, ടേബിൾവെയർ, കിച്ചൺവെയർ, മറ്റ് പ്ലാസ്റ്റിക് നിർമ്മിത വീട്ടുപകരണങ്ങൾക്കും ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ബോക്‌സുകൾ, കുപ്പികൾ, ഇൻസുലേറ്റഡ് വെയർ, കണ്ടെയ്‌നർ എന്നിവയ്ക്കും ഈ നിരക്കിൽ തന്നെയാണ് മാറ്റം. ഓഫീസ് സ്റ്റേഷനറി, ഫർണിച്ചർ ഫിറ്റിങ്, അലങ്കാര ഷീറ്റുകൾ, ചെറു പ്രതിമകൾ, മുത്തുകൾ, വളകൾ എന്നിവയ്ക്കും 10 ശതമാനമായിരുന്ന നികുതി 15 ശതമാനമാക്കി. ഇതിന് പുറമെ ട്രങ്ക്, സ്യൂട്കെയ്‌സ്, എക്സിക്യൂട്ടീവ് ബാഗുകൾ, പെട്ടികൾ, ട്രാവലർ ബാഗുകൾ, മറ്റ് ബാഗുകൾ എന്നിവയ്ക്കും പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷവർ, ബാത് സിങ്ക്, വാഷ് ബെ‌യ്‌സിൻ എന്നിവയ്ക്കും ഇനി 15 ശതമാനമാണ് നികുതി.

ഡയമണ്ട്, ജന്മനക്ഷത്ര കല്ലുകൾ എന്നിവ ഉപയോഗിച്ചുളള ആഭരണങ്ങൾക്ക് ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് ഏഴര ശതമാനമാക്കി ഉയർത്തി. വിലയേറിയ ലോഹം കൊണ്ടുണ്ടാക്കിയ എല്ലാ ആഭരണങ്ങൾക്കും വെളളിയിലും സ്വർണ്ണത്തിലും പണിയുന്ന ആഭരണങ്ങൾക്കും 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഇറക്കുമതി തീരുവ കൂട്ടി.

ഇറക്കുമതി ചെയ്യുന്ന പാദരക്ഷകളുടെ വിലയിൽ 20 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 25 ശതമാനമാക്കി മാറ്റി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനും കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചു.

Import Pib by on Scribd

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook