ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയതിനു പിന്നാലെ മറ്റൊരു ദാരുണ സംഭവം കൂടി. ബലാംത്സംഗത്തിനിരയായ മുപ്പതുകാരിക്ക് നേരെ ആസിഡ് ആക്രമണം.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. യുവതിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ തന്നെയാണ് ആസിഡ് ആക്രമണത്തിനും പിന്നില്‍. തങ്ങള്‍ക്കെതിരായ പീഡനക്കേസ് പിന്‍വലിക്കണമെന്ന് പ്രതികള്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, യുവതി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. ബലാത്സംഗ കേസിലെ നാല് പ്രതികള്‍ ചേര്‍ന്നാണ് യുവതിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ ശരീരത്തില്‍ മുപ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: വിഷ്‌ണുവിന് ഇനി ഐശ്വര്യ കൂട്ട്; ‘സഹോ’യ്ക്ക് ആശംസകളുമായി ധര്‍മജന്‍
ആസിഡ് ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതികള്‍ ആസിഡ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. പ്രതിപക്ഷ നേതാക്കള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഉന്നാവ് പീഡനക്കേസിലെ ഇരയായ 23-കാരി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്ന് സമാന സംഭവങ്ങൾ കേൾക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ 23 കാരിയായ പെൺകുട്ടിയെയാണ് അഞ്ചുപേർ ചേർന്നു തീകൊളുത്തിയത്. ഇതിൽ രണ്ടുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകവെ വ്യാഴാഴ്ചയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ അന്നു വൈകീട്ട് എയർ ആംബുലൻസിൽ ലക്‌നൗവിലെ ആശുപത്രിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റി. എന്നാൽ ഹൃദയ സ്തംഭനത്തെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി 11.40 ഓടെ പെൺകുട്ടി മരിച്ചു.