മുംബൈ: പ്രമുഖ മാധ്യമസ്ഥാപനമായ എന്‍ഡിടിവിയുടെ ഓഫീസുകളിലും ഉടമകളുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തിയത് തിരിച്ചടച്ച വായ്പയുടെ പേരിലാണെന്ന് ചാനൽ ആരോപിച്ചു. വായ്പ തിരിച്ചടച്ചതിന്റെ തെളിവുകൾ ചാനൽ പുറത്ത് വിട്ടു.

ഐസിഐസിഐ ബാങ്കിന് വായ്പ എടുത്ത വകയില്‍ 23 കോടി നഷ്ടം വരുത്തിയെന്ന പരാതിയിലാണ് എന്‍ഡിടിവിക്കെതിരായി സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും റെയ്ഡ് നടത്തിയതും. എന്നാൽ ഈ വായ്പ ഏഴ് വർഷം മുൻപ് അടച്ച് തീർത്തതാണെന്നാണ് ഇപ്പോൾ ചാനൽ തെളിവ് സഹിതം അവകാശപ്പെടുന്നത്.

എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയും രാധിക റോയിയും തിരിച്ചടിച്ച ഒരു ലോണിന്റെ പേരിലാണ് നടപടിയെന്നും കേന്ദ്ര സർക്കാറിൽ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് എന്‍ഡിടിവിക്കെതിരെ സിബിഐ റെയ്ഡ് എന്നും ചാനല്‍ പറയുന്നു.

“നിരവധി വ്യവസായികൾ ലക്ഷങ്ങളും കോടികളും പൊതുമേഖലാ ബാങ്കുകൾക്കടക്കം നൽകാനുണ്ട്. അവർക്കെതിരെയൊന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് എൻഡിടിവിയുടെ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും സ്ഥാപനത്തിലും വസതിയിലും റെയ്ജ് നടത്തിയതും. അതും സ്വകാര്യ ബാങ്കിൽ നിന്ന് എടുത്ത്, അടച്ചു തീർത്ത വായ്പയുടെ പേരിൽ”-എൻഡിടിവി പുറത്ത് വിട്ട പ്രസ്താവന വ്യക്തമാക്കുന്നു.

“എൻഡിടിയോ ഉടമകളോ ഇതുവരെ ഐസിഐസിഐ ബാങ്കുൾപ്പടെ ഒരു ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാതിരുന്നിട്ടില്ല. എൻഡിടിവിയുടെ സ്വതന്ത്രവും ഭയരഹിതവുമായ നിലപാട് ഭരിക്കുന്നവർക്ക് ദഹിക്കുന്നില്ല. അതുകൊണ്ടാണ് റെയ്ഡ് പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ എൻഡിടിവിയെ നിശബ്ദരാക്കാൻ സാധിക്കില്ല.” പ്രസ്താവനയിൽ എൻഡിടിവി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ