ന്യൂഡല്‍ഹി: വിജയ് മല്യയ്ക്കും നീരവ് മോദിയ്ക്കും പിന്നാലെ മറ്റൊരു വ്യവസായ ഭീമനും ബാങ്ക് തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യ വിട്ടെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനി ഉടമയായ നിതിന്‍ നന്ദേശാര 5000 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ദുബായിൽവച്ച് ഇയാള്‍ അറസ്റ്റിലായിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ നൈജീരിയയിലേക്ക് കടന്നുകളഞ്ഞുവെന്ന് സിബിഐയേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘നിതിന്‍ സന്ദേശാര യുഎഇയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വിവരം തെറ്റാണ്. അദ്ദേഹവും കുടുംബവും നൈജീരിയയിലേക്ക് കടന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.’ എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാളുടെ സഹോദരനും കുടുംബവും നൈജീരിയയില്‍ ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആന്ധ്രാബാങ്കില്‍ നിന്ന് 5000 കോടി രൂപയാണ് കമ്പനി വായ്പയെടുത്തിരുന്നത്. എഫ്‌ഐആറില്‍ തുക തിരിച്ചടവ് മുടങ്ങിയതടക്കം 5383 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിന് വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതിന്‍ സന്ദേശാരയ്ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

കേസില്‍ വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെകിന്റെ ഡയറക്ടര്‍മാരായ ചേതന്‍ ജയന്തിലാല്‍ സന്ദേശാര, ദീപ്തി ചേതന്‍ സന്ദേശാര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, നിതിന്‍ ജയന്തിലാല്‍ സന്ദേശാര, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ട് ഹേമന്ത് ഹാതി, ആന്ധ്രാബാങ്ക് മുന്‍ ഡയറക്ടര്‍ അനുപ് ഗാര്‍ഗ് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook