ലഖ്‌നൗ: എല്ലാ കുറ്റങ്ങളും നിഷേധിച്ച് ഹാഥ്‌റസ് ബലാത്സംഗക്കേസിലെ മുഖ്യപ്രതി. കേസിൽ താനടക്കമുള്ള നാല് പ്രതികളും നിരപരാധികളാണെന്നും തങ്ങൾക്കെതിരെ വ്യാജ കുറ്റം ചുമത്തിയിരിക്കുകയാണെന്നും മുഖ്യപ്രതി സന്ദീപ് താക്കൂർ. ഹാഥ്‌റസ് എസ്‌പിക്ക് ഇക്കാര്യങ്ങൾ വിവരിച്ച് സന്ദീപ് കത്ത് നൽകി. മറ്റ് മൂന്ന് പ്രതികളും കത്തിൽ ഒപ്പുവയ്‌ക്കുകയും വിരലടയാളം പതിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയും താനും നല്ല അടുപ്പത്തിലായിരുന്നു എന്നും ഈ അടുപ്പത്തെ പെൺകുട്ടിയുടെ കുടുംബം അംഗീകരിച്ചില്ലെന്നും സന്ദീപ് കത്തിൽ പറയുന്നു. അമ്മയും സഹോദരനും ചേർന്ന് പെൺകുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയതാണെന്നും സന്ദീപിന്റെ കത്തിലുണ്ട്.

ഹാഥ്‌റസിൽ ക്രൂര പീഡനത്തിനിരയായ ശേഷമാണ് 19 കാരി കൊല്ലപ്പെട്ടത്. ഉയർന്ന ജാതിക്കാരായ നാല് യുവാക്കളാൽ താൻ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പെൺകുട്ടിയുടെ മൊഴിയുണ്ട്. പെൺകുട്ടിയുടെ മൊഴി ലഭിച്ച ശേഷമാണ് സന്ദീപ് അടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സെപ്‌റ്റംബർ 26 നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് പെൺകുട്ടി മരിച്ചത്.

Read Also: ഹാഥ്‌റസ് ബലാത്സംഗം: സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് യോഗി ആദിത്യനാഥ്

സന്ദീപ് താക്കൂർ നൽകിയ കത്തിൽ മറ്റു പ്രതികളായ ലവ്‌കുഷ്, റാം കുമാർ, രവി തുടങ്ങിയവരുടെ ഒപ്പുണ്ട്. പെൺകുട്ടിയുമായി താൻ അടുപ്പത്തിലായിരുന്നു എന്നും നേരിട്ടു കാണുകയും പലപ്പോഴും ഫോണിൽ സംസാരിക്കുകയും ചെയ്‌തിരുന്നു എന്നും കത്തിൽ പറയുന്നു.

“ഞാൻ സെപ്‌റ്റംബർ 20 നാണ് ചെയ്യാത്ത തെറ്റിനു പിടിയിലായത്. എന്റെ ബന്ധുക്കളായ റാം, രവി എന്നിവരും അയൽവാസിയായ ലവ്‌കുഷും തെറ്റായ കേസിലാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പെൺകുട്ടി എന്റെ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ കാണാറുണ്ട്. പലപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ ഞങ്ങളുടെ ബന്ധത്തിനു എതിരായിരുന്നു,” സന്ദീപിന്റെ കത്തിൽ പറയുന്നു.

Read Also:ഹാഥ്‌റസ് സംഭവം അസാധാരണം, ഞെട്ടിപ്പിക്കുന്നത്; യുപി സർക്കാരിനോട് സത്യവാങ്‌മൂലം തേടി സുപ്രീം കോടതി

“സെപ്‌റ്റംബർ 14 നാണ് പെൺകുട്ടിയെ ഞാൻ വയലിൽവച്ച് കാണുന്നത്. അവളുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. എന്നോട് അവൾ പോകാൻ പറഞ്ഞു. ഞങ്ങളുടെ ബന്ധത്തിനു അവർ എതിരായിരുന്നു. അവളുടെ അമ്മയും സഹോദരനും അവളെ ക്രൂരമായി മർദിച്ചു. ശരീരത്തിൽ ഏറെ പരുക്കേറ്റു. ഇതാണ് പിന്നീട് മരണത്തിനു കാരണമായത്. ഞാൻ അവളെ അടിച്ചിട്ടില്ല, തെറ്റായി ഒന്നും അവളോട് ചെയ്‌തിട്ടില്ല. എന്നെയും മറ്റ് മൂന്ന് പേരെയും വ്യാജ കേസ് നൽകി ജയിലിലാക്കിയിരിക്കുകയാണ് അവളുടെ അമ്മയും സഹോദരനും. ഞങ്ങൾ നിഷ്‌കളങ്കരാണ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. കൃത്യമായി അന്വേഷിച്ച് ഞങ്ങൾക്ക് നീതി വാങ്ങിച്ചുതരണം.” സന്ദീപ് കത്തിൽ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook