ന്യൂഡല്‍ഹി: അപകടത്തില്‍ പെട്ട് ഒരു നരേന്ദ്ര കുമാര്‍ എന്ന 35 വയസുകാരന്‍ നടുറോഡില്‍ കിടന്നത് 12 മണിക്കൂറാണ്. സഹാനുഭൂതിയുടെ ഒരു കണിക പോലും ബാക്കിയില്ലാതെ ചുറ്റും കാഴ്ചക്കാരായി നിന്നവര്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നു മാത്രമല്ല, അപകടത്തില്‍ പെട്ട മനുഷ്യന്റെ പോക്കറ്റില്‍ അവശേഷിച്ച 12 രൂപയും മൊബൈല്‍ ഫോണും വസ്ത്രങ്ങളടങ്ങിയ ബാഗും കട്ടെടുക്കുകയും ചെയ്തു. ഇന്നലെ രാജ്യ തലസ്ഥാനത്താണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

ഉത്തര്‍പ്രദേശിലെ ബിജ്‌നോറിനടുത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന നരേന്ദ്രകുമാര്‍ ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങും വഴി കാശ്മീര്‍ ഗെയ്റ്റ് ടെര്‍മിനലിന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഇയാളെ അമിത വേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ നരേന്ദ്രകുമാര്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

റോഡില്‍ അനങ്ങാന്‍ പോലും കഴിയാതെ കിടന്ന നരേന്ദ്രകുമാര്‍ കൂടിനിന്നവരെട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ലെന്നു മാത്രമല്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് അപകടത്തില്‍ പെട്ട നരേന്ദ്രകുമാര്‍ ബുധനാഴ്ച പോലീസ് സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook