ലക്‌നൗ: ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നും ഫലത്തെ കുറിച്ച് വിശദമായി പഠിക്കുമെന്നും യോഗി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

‘ ജനവിധിയെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഫലം അപ്രതീക്ഷിതമായിരുന്നു. തോല്‍വിയെ കുറിച്ച് പഠിക്കും. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.’ യോഗി ആദിത്യനാഥ് പറയുന്നു.

സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ പാര്‍ട്ടിയും അവസാന നിമിഷം കൈകോര്‍ത്തതാണ് ബിജെപിയ്ക്ക് തിരിച്ചടിയായതെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു.’സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസും ഒരുമിച്ചായിരുന്നില്ല. അവര്‍ അപ്പോള്‍ കൈകോര്‍ത്തിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിനിടെ എസ്പിയും ബിഎസ്പിയും ധാരണയിലെത്തുകയായിരുന്നു.’ അദ്ദേഹം പറയുന്നു.

‘അമിത ആത്മവിശ്വാസവും ബിഎസ്പിയും എസ്പിയും തമ്മിലുള്ള ധാരണയെ തിരിച്ചറിയാന്‍ പറ്റാതെ പോയതുമാണ് തോല്‍വിയിലേക്ക് നയിച്ചത്.’ ആദിത്യനാഥ് അഭിപ്രായപ്പെട്ടു. അതേസമയം, എസ്പിയും ബിഎസ്പിയും തമ്മിലുള്ള സഘ്യമാണ് രാജ്യത്തെ വികസനത്തിന് തടയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനുള്ള മറുപടിയാണെന്ന അഭിപ്രായത്തെ ആദിത്യനാഥ് തള്ളിക്കളഞ്ഞു. പ്രാദേശിക വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് നയിച്ചതെന്നാണ് ആദിത്യനാഥ് പറയുന്നത്.

ഫൂല്‍പൂരില്‍ ബിജെപിയുടെ കൗശലേന്ദ്ര സിംഗിനെ 59460 വോട്ടിനാണ് എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിംഗ് പരാജയപ്പെടുത്തിയത്. ആദിത്യനാഥിന്റെ ഗോരഖ്പൂരില്‍ എസ്പിയുടെ പ്രവീണ്‍ നിഷാദ് ജയിച്ചത് 21000 വോട്ടുകള്‍ക്കായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ