/indian-express-malayalam/media/media_files/2025/12/29/external-affairs-ministry-spokesperson-randhir-jaiswal-2025-12-29-21-45-38.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പാക്കിസ്ഥാൻ ഉന്നയിച്ച വിമർശനങ്ങളെയും ആരോപണങ്ങളെയും ശക്തമായ ഭാഷയിൽ തള്ളി വിദേശകാര്യ മന്ത്രാലയം. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ക്രൂരതകളുടെയും പീഡനങ്ങളുടെയും ദയനീയമായ റെക്കോർഡ് പരിശോധിച്ച ശേഷം മതി മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.
പാക്കിസ്ഥാൻ അടുത്തിടെ നടത്തിയ പ്രസ്താവനകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട ഒരു രാജ്യം ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തെ ഉപദേശിക്കാൻ മുതിരുന്നത് പരിഹാസ്യമാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കകളുണ്ടെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
Also Read: മരണാനന്തര ചടങ്ങിലെ ഭക്ഷണം വില്ലനായി; പേവിഷ ഭീതിയിൽ ഒരു ഗ്രാമം മുഴുവൻ ആശുപത്രിയിലേക്ക്
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഇത്തരം ദുഷ്പ്രചാരണങ്ങൾ നിർത്തണമെന്നും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കാനുള്ള പാക്കിസ്ഥാന്റെ സ്ഥിരം തന്ത്രത്തിന്റെ ഭാഗമാണിതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ക്രിസ്മസ് ആഘോഷകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളും മുസ്ലീങ്ങൾക്കെതിരായ സംഭവങ്ങളും ഉൾപ്പെടെ, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള സമീപകാല സംഭവങ്ങൾ അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്നും ദുർബല വിഭാഗങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബിയുടെ പ്രസ്താവന.
Read More: ജന്മദിനാഘോഷത്തിനിടെ അതിക്രമം: ‘ലൗ ജിഹാദ്’ ആരോപിച്ച് കഫേയിൽ കയറി യുവാക്കളെ മർദിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us