മംഗളൂരു: സര്‍ക്കാര്‍ കോളേജുകളില്‍ യൂണിഫോമിന്റെ ഭാഗമല്ല കാവി ഷാളുകള്‍. എന്നാല്‍ ഈ അടുത്താണ് കര്‍ണാടകയിലെ ഭട്കല്‍ ജില്ലയിലെ ഒരു ഗവണ്‍മെന്റ് കോളേജില്‍ ജയന്ത് നായിക് എന്ന വിദ്യാര്‍ത്ഥിയെ കാവി ഷാള്‍ ധരിക്കാതെ കോളേജില്‍ വന്നതിന് നാല് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

മുസ്‌ലിം വിദ്യാര്‍ഥിനികളെ തട്ടമോ ബുര്‍ഖയോ ഇടാന്‍ അനുവദിക്കുന്നുവെങ്കില്‍ തങ്ങള്‍ യൂണിഫോമിനോപ്പം കാവി ഷാള്‍ ധരിക്കുമെന്ന നിലപാടുമായാണ് മംഗളൂരുവില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ശിവമോഗ ജില്ല എന്നിവിടങ്ങളിലാണ് വര്‍ഗീയ ചേരിതിരിവിനും മതസ്പര്‍ദ്ധ ഉണ്ടാക്കാനും ശ്രമം നടക്കുന്നത്. ഷാള്‍ ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ഇവിടങ്ങളില്‍ പതിവാണ്.

വര്‍ഗീയ പ്രശ്‌നങ്ങളുടെ പേരിലും സദാചാര ആക്രമണങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ഇവിടങ്ങളില്‍ ഇപ്പോള്‍ ബുര്‍ഖയുടെ പേരിലാണ് സംഘപരിവാറുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബുര്‍ഖ ധരിക്കാമെങ്കില്‍ തങ്ങള്‍ക്ക് ഷാള്‍ ധരിച്ച് കൂടെ എന്ന വാദവുമായാണ് ബുര്‍ഖക്കെതിരെ കാവി ഷാളുമായി ആര്‍.എസ്.എസ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്. കോളേജുകളിലെ വസ്ത്രധാരണരീതി ഏതെങ്കിലും മതത്തിന്റെ പേരില്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ പറയുന്നു.

തങ്ങളുടെ തീരുമാനത്തില്‍ വര്‍ഗീയപരമായ യാതൊന്നും ഇല്ലെന്ന് മംഗളൂരു താലൂക്ക് എ.ബി.വി.പി കണ്‍വീനര്‍ സുജിത്ത് ഷെട്ടി പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് സ്കൂളുകളിലും കോളേജുകളിലും നിര്‍ബന്ധമായ വസ്ത്രധാരണരീതി കൊണ്ടുവരണമെന്നും സുജിത്ത് ഷെട്ട് ആവശ്യപ്പെടുന്നു. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ബുര്‍ഖയും തട്ടവും ധരിക്കുന്നതിനെതിരേ മംഗളൂരുവില്‍ 2009 മുതല്‍ പ്രതിഷേധങ്ങളുണ്ട്. എന്നാല്‍ ഇതിനെതിരെ കാവി ഷാള്‍ ധരിച്ചുള്ള പ്രതിഷേധം ഇത് ആദ്യമായാണ്.

എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ ശബ്ദം കേള്‍ക്കാതെ പോവുകയാണ് പതിവ്. ബുര്‍ഖയോ തട്ടമോ ധരിക്കാതെ കോളേജിലേക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിക്കാറില്ലെന്ന് ഷിമോഗയിലെ സഹ്യാദ്രി സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി പറയുന്നു. ബുര്‍ഖ ധരിച്ചില്ലെങ്കില്‍ പഠിത്തം വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാകുമെന്നും ഇവര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ