തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തെ പേടിച്ചാണ് ലോ അക്കാദമി അടച്ചിടുന്നതെന്ന് എബിവിപി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നതുവരെ എബിവിപി സമരം തുടരുമെന്നും സംഘടന പത്രക്കുറിപ്പില്‍ അറിയിച്ചു.

വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റും ഒത്തുകളിക്കുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ ക്യാമ്പസുകളില്‍ തിങ്കളാഴ്ച്ച വഞ്ചനാദിനമായി ആചരിക്കും. ദളിത് വിദ്യാര്‍ത്ഥികള്‍ കൊടുത്ത പരാതി ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നു. കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ഈ കേസുകളില്‍ നടപടിയെടുക്കാത്തതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് ആരോപിച്ചു.

നാളെ മുതല്‍ കെടിയു ആസ്ഥാനത്ത് നടക്കുന്ന ടോംസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നടത്തുന്ന സമരത്തില്‍ എബിവിപിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകും. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീട്ടുപടിക്കല്‍ എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം വരുണ്‍ പ്രസാദ് ചൊവ്വാഴ്ച 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുമെന്നും എബിവിപി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ