Latest News

രാജ്യതലസ്ഥാനത്ത് എബിവിപി പ്രതിഷേധം: ‘ദേശദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന്’ പ്രതിഷേധക്കാര്‍

ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പിടിയില്‍ നിന്നും ഡെല്‍ഹി സര്‍വ്വകലാശാലയെ രക്ഷിക്കണമെന്നും, ആര്‍എസ്എസ്- ബിജെപി പ്രവര്‍ക്കര്‍ക്ക് നേര രാജ്യത്തുടനീളം നടക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹി സര്‍വ്വകലാശാലയ്ക്ക് പുറത്ത് എബിവിപി നടത്തിയ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 600ല്‍ അധികം പൊലീസുകരെയാണ് വിന്യസിച്ചിട്ടുള്ളത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ ആര്‍ട്ട് വിഭാഗത്തിന് മുമ്പില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ രാംജാസ് കോളേജിനു മുമ്പിലൂടേയും ഖല്‍സ കോളേജിന് മുമ്പിലൂടേയും ‘ഭാരത് മാതാ കി’ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തി.

ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പിടിയില്‍ നിന്നും ഡെല്‍ഹി സര്‍വ്വകലാശാലയെ രക്ഷിക്കണമെന്നും, ആര്‍എസ്എസ്- ബിജെപി പ്രവര്‍ക്കര്‍ക്ക് നേര രാജ്യത്തുടനീളം നടക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

രാജ്യദ്രോഹികള്‍ പിന്‍വാങ്ങണമെന്നും, നമ്മുടെ ക്യാംപസുകളെ രക്ഷിക്കണമെന്നും എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. മറ്റ് ക്യാംപസുകളിലെ എബിവിപി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ‘മാവോയിസവും, മാര്‍ക്സിസവും വേണ്ട, ഞങ്ങള്‍ വിശ്വസിക്കുന്നത് ദേശീയതയിലാണെന്ന്’ മുദ്രാവാക്യം ഉയര്‍ന്നു. ക്യാംപസുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലന്ന് വ്യക്തമാക്കാനാണ് ഈ പ്രതിഷേധമെന്ന് എബിവിപി നേതാവ് സത്യേന്ദ്ര അവാന വ്യക്തമാക്കി. തങ്ങള്‍ ഇന്ന് നടത്തിയ പ്രകടനത്തില്‍ 10,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതായി എബിവിപി അവകാശപ്പെട്ടു.

പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് ഡെല്‍ഹി സര്‍വകലാശാലയോട് അടുത്ത് കിടക്കുന്ന ഡെല്‍ഹി മെട്രോ ഗേറ്റുകള്‍ താത്കാലികമായി അടച്ചിട്ടു. കഴിഞ്ഞ ദിവസം ഡെല്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കേരളത്തില്‍ സിപിഎം കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എബിവിപി നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ദേശദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്നും മുദ്രാവാക്യം ഉയര്‍ന്നു. ഇതിനിടെ എബിവിപിയെ വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തി. പാവങ്ങളെ എന്തിനാണ് എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.

കഴിഞ്ഞ ആഴ്ച രാംജാസ്‌ കോളജിൽ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറിലെ പങ്കാളിത്തത്തെപ്പറ്റി ഉണ്ടായ തർക്കമാണ് ഡെൽഹി സർവകലാശാലയടക്കം രാഷ്ട്ര തലസ്ഥാനത്തെ അക്കാദമിക്‌ സമൂഹത്തെ സംഘർഷഭരിതമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവും ലോകംതന്നെയും ശ്രദ്ധിക്കുന്ന ഒന്നായാണ്‌ പ്രതിഷേധങ്ങള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നത്‌.

സ്വതന്ത്ര അഭിപ്രായപ്രകടനം, ആശയ പ്രകാശനം, പൊതുവിഷയങ്ങളിൽ സ്വതന്ത്ര നിലപാട്‌ സ്വീകരിക്കാനുള്ള യുവതലമുറയുടെ അവകാശം, അതിന്‌ അവർ നൽകേണ്ടിവരുന്ന വില എന്നീ മൗലിക വിഷയങ്ങളിൽ ആഴമേറിയ ചർച്ചയ്ക്കാണ്‌ ഡെല്‍ഹിയിലെ സംഭവങ്ങള്‍ വഴിതുറന്നിരിക്കുന്നത്‌. രാംജാസ്‌ കോളജിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ‘പ്രതിഷേധത്തിന്റെ സംസ്കാരം’ എന്ന സെമിനാറിലേയ്ക്ക്‌ ക്ഷണിക്കപ്പെട്ട ജെഎൻയു വിദ്യാർഥികളായ ഉമർഖാലിദ്‌, ഷെഹല റഷീദ്‌ എന്നിവർ അതിൽ പങ്കെടുക്കുന്നത്‌ എബിവിപി തടസപ്പെടുത്തിയതാണ്‌ പ്രശ്നങ്ങൾക്ക്‌ തുടക്കംകുറിച്ചത്‌.

കഴിഞ്ഞവർഷം ജെഎൻയുവിൽ നടന്ന സമരത്തിന്റെ മുൻനിരയിലായിരുന്നു അവർ ഇരുവരും. എബിവിപിയുടെ എതിർപ്പിനെ തുടർന്ന്‌ കോളജ്‌ അധികൃതർ സെമിനാറിനുള്ള അനുമതി നിഷേധിച്ചെങ്കിലും എബിവിപി പ്രവർത്തകർ ഒരു സംഘം വിദ്യാർഥികളെ സെമിനാർ മുറിയിൽ തടഞ്ഞുവച്ചതും അവർ ദേശദ്രോഹികളാണെന്ന്‌ ആരോപിച്ചതും സംഘർഷത്തിന്‌ കാരണമായി. വിദ്യാർഥികളും അധ്യാപകരും എബിവിപിക്കാരുടെ മർദനത്തിന്‌ ഇരകളായി.

ഡെൽഹി പൊലീസിന്റെ സംരക്ഷണയിലാണ്‌ എബിവിപി ഗുണ്ടായിസം അരങ്ങേറിയത്‌. അത്‌ അക്കാദമിക്‌ സമൂഹത്തിൽ വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. സംഭവത്തിൽ പ്രതിഷേധിച്ച്‌ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ നടത്തിയ കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമെഹർ കൗറിനെതിരെ എബിവിപിയും സംഘ്പരിവാറും നടത്തിയ ഭീഷണിയുടെ പ്രതിഷേധത്തിന് വഴിവെച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Abvp protests protesters say shoot anti nationals

Next Story
പകരക്കാരന്‍ പളനിസ്വാമി; അമ്മയ്ക്കും ചിന്നമ്മയ്ക്കും വിശ്വസ്തന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com