ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മുന്‍ എബിവിപി നേതാക്കള്‍. 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന പ്രശ്‌നങ്ങളും, അതിന്റെ ഭാഗമായി പാക് അനുകൂല മുദ്രാവാക്യം വിളിയും എബിവിപി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍ തന്നെയായിരുന്നു എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു.

ജെഎന്‍യു സർവ്വകലാശാലയിലെ എബിവിപി മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ രോഹിത് വെമുല എന്ന ദലിത് സ്‌കോളര്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതോടെ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തില്‍ ഒരു പദ്ധതി എബിവിപി തയ്യാറാക്കിയത് എന്നും ഇവര്‍ വെളിപ്പെടുത്തി..

തങ്ങള്‍ ഇരുവരും ദലിത് വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ എബിവിപിയെ പ്രതിരോധിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കാന്‍ നേതൃത്വം പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഹിത് വെമുലയെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചതിനാല്‍ അതിനെ പിന്തുണയ്ക്കാന്‍ തങ്ങള്‍ക്കാവില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു. 2016ൽ തന്നെ നര്‍വാളും ഗൊരയ്യയും എബിവിപിയില്‍ നിന്നും രാജിവച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ