ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമെന്ന് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തോന്നുംവിധമുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടന്നത്. യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റാണ് ഇതിന് അടിസ്ഥാനം.
ഈ രണ്ടു ഗ്രൂപ്പുകളിലും ജെഎന്‍യുവില്‍ അക്രമങ്ങള്‍ അഴിച്ചുവിടാനുള്ള തയ്യാറെടുപ്പുകള്‍ നടന്നതായി കാണാം. അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. എന്നാൽ, വാട്സാപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന.
ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വെെകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരിക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയുസു അവകാശപ്പെട്ടു. എന്നാല്‍ എ ബി വി പി ഇത് നിഷേധിച്ചു.
Read Also: നിങ്ങളുടെ ലക്ഷ്യം ഇവിടെ നടക്കില്ല; ജെഎന്‍യുവിലെ സംഘപരിവാർ ഭീകരതയ്ക്കെതിരെ യെച്ചൂരി
‘പോലീസ് സാന്നിധ്യത്തിൽ ലാത്തികൾ, വടികൾ, ചുറ്റികകൾ എന്നിവയുമായി മുഖംമൂടി ധരിച്ച് എബിവിപി പ്രവര്‍ത്തകര്‍ ചുറ്റിക്കറങ്ങുന്നു. അവർ ഇഷ്ടികകൾ വലിച്ചെറിയുന്നു, ഹോസ്റ്റലുകളിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുന്നു. നിരവധി അധ്യാപകരെയും മർദ്ദിച്ചിട്ടുണ്ട്. ജെഎൻയുയു പ്രസിഡന്റ് ഐഷെ ഘോഷ് ക്രൂരമായി ആക്രമിക്കപ്പെട്ടു, ഐഷെയുയ്ടെ തലയ്ക്ക് വളരെ മോശമായി മുറിവേട്ടിട്ടുണ്ട്. എബിവിപി ഗുണ്ടകൾ പിന്തുടർന്ന് പിടികൂടുന്നതിനിടയിലാണ് വിദ്യാർത്ഥികൾ സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നത്, കുറ്റകൃത്യങ്ങളിൽ പോലീസ് പങ്കാളികളാണ്, അവര്‍ സംഘി പ്രൊഫെസര്‍മാരുടെ ഉത്തരവുകൾ സ്വീകരിക്കുന്നു, ‘ഭാരത് മാതാ കി ജയ്’ മുദ്രാവാക്യം വിളിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നു! ”വിദ്യാർത്ഥി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
ജെഎൻയു സംഘർഷത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ഇന്ത്യയെ അവര്‍ ആഗ്രഹിക്കുന്നതുപോലെ മാറ്റാനാണ് ഇതിലൂടെയെല്ലാം ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. എന്നാല്‍, ആ ലക്ഷ്യം നേടാന്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ അനുവദിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ജെഎന്‍യുവിലെ അധ്യാപകര്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും അക്രമങ്ങള്‍ അഴിച്ചുവിട്ടത് എബിവിപി പ്രവര്‍ത്തകരും ഗുണ്ടകളുമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അധികാരത്തിലിരിക്കുന്നവര്‍ തീരുമാനിച്ച് ഉറപ്പിച്ചുള്ള ആക്രമണമാണ് ജെഎന്‍യുവില്‍ നടന്നത്. ഹിന്ദുത്വ അജണ്ടയെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ പ്രതിരോധിക്കുന്നതില്‍ ഭയപ്പെട്ടുകൊണ്ടാണ് സംഘപരിവാര്‍ ഇത്തരത്തില്‍ സംഘടിത ആക്രമണം നടത്തുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.