ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ അവര്‍ ആഗ്രഹിക്കുന്നതുപോലെ മാറ്റാനാണ് ഇതിലൂടെയെല്ലാം ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. എന്നാല്‍, ആ ലക്ഷ്യം നേടാന്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ അനുവദിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു.

ജെഎന്‍യുവിലെ അധ്യാപകര്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും അക്രമങ്ങള്‍ അഴിച്ചുവിട്ടത് എബിവിപി പ്രവര്‍ത്തകരും ഗുണ്ടകളുമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അധികാരത്തിലിരിക്കുന്നവര്‍ തീരുമാനിച്ച് ഉറപ്പിച്ചുള്ള ആക്രമണമാണ് ജെഎന്‍യുവില്‍ നടന്നത്. ഹിന്ദുത്വ അജണ്ടയെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ പ്രതിരോധിക്കുന്നതില്‍ ഭയപ്പെട്ടുകൊണ്ടാണ് സംഘപരിവാര്‍ ഇത്തരത്തില്‍ സംഘടിത ആക്രമണം നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

Read Also: ജെഎന്‍യുവില്‍ സംഘര്‍ഷം; ഐഷ ഘോഷിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു

ജെഎൻയുവിലെ അക്രമ സംഭവങ്ങളെ കോൺഗ്രസും ശക്തമായി അപലപിച്ചു. മോദി സര്‍ക്കാരിന് ജെഎൻയുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ ഗേറ്റിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു ഡൽഹി പൊലീസ് എന്ന് സുർജേവാല ആരോപിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ജെഎൻയു സർവകലാശാലയിൽ വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ജെഎൻയുവിലേക്കുള്ള റോഡുകളെല്ലാം അടച്ചു. ക്യാംപസ് വലിയ പൊലീസ് സുരക്ഷയിലാണ്. ഇന്ന് വെെകീട്ട് 6.30 ന് ശേഷമാണ് ജെഎൻയുവിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

വിദ്യാർഥികൾക്കെതിരെ അക്രമം അഴിച്ചുവിട്ടത് എബിവിപി പ്രവർത്തകരും ഗുണ്ടകളുമാണ്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന് ക്രൂര മര്‍ദനമേറ്റു. എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ ഗുണ്ടകളുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഐഷ ഘോഷ് അടക്കമുള്ളവര്‍ ആരോപിച്ചു. ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും ആരോപണമുണ്ട്.

Read Also: ആ ഹിറ്റ് ഗാനം പാടാന്‍ ആദ്യം ഉദ്ദേശിച്ചത് യേശുദാസിനെ; പി.ജയചന്ദ്രന്‍ പറയുന്നു

ഐഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് ഐഷ പറഞ്ഞു. ഐഷയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുനിന്നുള്ള ഗുണ്ടകളും എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. നിരവധി വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥികളെ സംരക്ഷിക്കാൻ എത്തിയ അധ്യാപകർക്കും മർദനമേറ്റതായാണ് റിപ്പോർട്ടുകൾ.

മുഖംമൂടി ധരിച്ച് അമ്പതോളം പേർ ക്യാംപസിനകത്ത് എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഫീസ് വർധനവിനെതിരെ ഇടത് സംഘടനകളും കോളേജ് യൂണിയനും പ്രതിഷേധം നടത്തുകയാണ്. ഇതിനിടയിലാണ് വിദ്യാർഥികൾക്ക് നേരെ ആക്രമണം. വെെകീട്ട് 6.30 ഓടെയാണ് സംഭവം നടക്കുന്നത്. ജെഎൻയു ഹോസ്റ്റലിലെ വിദ്യാർഥികൾക്കു നേരെയും ആക്രമണം ഉണ്ടായി. ഹോസ്റ്റലിലേക്ക് കല്ലുകൾ എറിഞ്ഞു. ഹോസ്റ്റൽ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook