പൂണെ: ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവ(ഐ എഫ് എഫ് ഐ)ത്തിന്റെ സമാപനച്ചടങ്ങില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ജൂറി അധ്യക്ഷന്‍ നദവ് ലാപിഡിനെതിരായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജിലും. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ 21 എഡിറ്റുകളാണ് ലാപിഡിന്റെ അക്കൗണ്ടില്‍ വരുത്തിയിരിക്കുന്നത്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം എങ്ങനെയാണു ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തില്‍ ഇടം പിടിച്ചതിനെതിരെയായിരുന്നു ഇസ്രായേല്‍ സംവിധായകനായ നദവ് ലാപിഡിന്റെ പരാമര്‍ശം. ഇതേത്തുടര്‍ന്നു ഓണ്‍ലൈനില്‍ രൂക്ഷമായ ആക്രമണമാണ് അദ്ദേഹം നേരിടുന്നത്.
ചിത്രത്തിനും അത് രാജ്യാന്തര മത്സരത്തില്‍ ഉള്‍പ്പെടുത്തിയ ഐ എഫ് എഫ് ഐ സംഘാടകര്ക്കുമെതിരായ ലാപിഡിന്റെ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഉപയോക്താക്കള്‍ ലാപിഡിന്റെ ജീവചരിത്ര ലേഖനം എഡിറ്റ് ചെയ്യാനും നശിപ്പിക്കാനും ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയായ വിക്കിപീഡിയ നല്കിയ എഡിറ്റിങ് ആക്സസ് ദുരുപയോഗം ചെയ്തു.

വിക്കിപീഡിയയില്‍ പൊതുവായി ലഭ്യമായ വിവരമനുസരിച്ച്, എട്ട് വ്യത്യസ്ത ഐ പി വിലാസങ്ങളില്‍നിന്ന് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ 21 തിരുത്തലുകളാണ് ലാപിഡിന്റെ അക്കൗണ്ടില്‍ വരുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിനൊപ്പം അധിക്ഷേപകരമായ വാക്കുകള്‍ ചേര്‍ക്കുകയും അദ്ദേഹത്തെ ‘ഇടതുപക്ഷക്കാരന്’ എന്ന് വിശേഷിപ്പിക്കുകയും സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം ‘വ്യാജം’ അല്ലെങ്കില്‍ ‘അഞ്ച് മിനിറ്റ് പ്രശസ്തിക്ക്’ വേണ്ടി ചെയ്തതാണെന്ന് ആരോപിക്കുകയും ചെയ്തു.
ഈ നടപടി ‘വിനാശകരമായ എഡിറ്റിങ്ങിനായി’ ജീവചരിത്ര പേജ് എഡിറ്റ് ചെയ്യുന്നതില്‍നിന്ന് ഇന്ത്യന്‍ ഉപയോക്താക്കളെതടയാന് വിക്കിപീഡിയയെ പ്രേരിപ്പിച്ചിരിക്കുകയാണ്. എഡിറ്റ് ചെയ്തവയെല്ലാം വിക്കിപീഡിയ ഉപയോക്താക്കളും ബോട്ടുകളും നീക്കി പേജ് പഴയ പടിയാക്കിയിട്ടുണ്ട്.
”രാജ്യാന്തര സിനിമാ മത്സരവിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യമുള്ളവയുമായിരുന്ന. എന്നാല്‍ പതിനഞ്ചാമത്തെ സിനിമ കണ്ടാണു ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും. ‘ദി കശ്മീര്‍ ഫയല്‍സ്’ എന്നതായിരുന്നു ആ സിനിമ. അത് ഒരു പ്രചാരവേലയായി ഞങ്ങള്‍ക്കു തോന്നി. ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ അതൊരു അപരിഷ്കൃത, അശ്ലീല സിനിമയായി തോന്നി,” എന്നായിരുന്നു നദവ് ലാപിഡ് ഐ എഫ് എഫ് ഐ സമാപന സമ്മേളനത്തില്‍ പറഞ്ഞത്.
ലാപിഡിന്റെ വിമര്‍ശനത്തിന് ഇന്ത്യയില്‍നിന്നും ഇസ്രായേലില്‍നിന്നും ശക്തമായ വ്യത്യസ്ത പ്രതികരണങ്ങളാണു ലഭിച്ചിരിക്കുന്ന്ത. ചിലര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി പ്രമോട്ട് ചെയ്ത സിനിമയെ വിമര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിച്ചു, അതും ഒരു സര്‍ക്കാര്‍ പരിപാടിയില്‍. മറ്റുള്ളവരാകട്ടെ കശ്മീരി ഹിന്ദുക്കളുടെ ദുരവസ്ഥയെ ലാപിഡ് അവഗണിച്ചുവെന്ന് ആരോപിച്ചു.