കാലിഫോർണിയ: 2019 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മൽസരിക്കാൻ തയാറെന്ന് രാഹുൽ ഗാന്ധി. പൂർണമായും താൻ അതിന് തയാറാണെന്നും രാഹുൽ പറഞ്ഞു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. 2012 ഓടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഹങ്കാരം കൂടി. ഇത് ജനങ്ങളിൽനിന്നും പാർട്ടിയെ അകറ്റിയെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പ്രധാന പ്രശ്‌നം കുടുംബവാഴ്ചയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നുണ്ട്. കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ആശയങ്ങളും വീക്ഷണവും രൂപപ്പെടുത്തുന്നത് ചര്‍ച്ചകളിലൂടെയാണ് അല്ലാതെ അടിച്ചേല്‍പ്പിക്കാറില്ല. നോട്ട് നിരോധനവും വേണ്ടത്ര തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പിലാക്കിയതും രാജ്യത്തെ സാന്പത്തിക രംഗത്തെ സമ്മർദത്തിലാക്കി. നോട്ട് നിരോധനം മോദി സർക്കാർ ഏകപക്ഷീയമായി എടുത്ത തീരുമാനമായിരുന്നു ഇതിലൂടെ ജിഡിപി വളർച്ചയിൽ രണ്ടു ശതമാനം ഇടിവുണ്ടായി.

വിവരാവകാശ നിയമത്തിന് മോദി മൂക്കു കയർ ഇട്ടിരിക്കുകയാണ്. ഇതോടെ വിവരങ്ങൾ പുറത്തേക്ക് ലഭിക്കാതെയായി. മോദിക്ക് നന്നായി ആശയവിനിമയം നടത്താൻ കഴിവുണ്ട്. എന്നെക്കാൾ മികച്ച പ്രാസംഗികനാണ് മോദി. നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്നും രാഹുൽ ചോദിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകവും ബീഫിന്റെ പേരിൽ ജനങ്ങളെ തല്ലിക്കൊല്ലുന്നതും ഈ രാജ്യത്ത് തങ്ങൾക്ക് നല്ലൊരു ഭാവിയില്ല എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. വർഷം തോറും ഏകദേശം 1.2 കോടി യുവാക്കളാണ് തൊഴിൽ തേടി ഇറങ്ങുന്നത്. ഇന്ത്യയില്‍ തൊഴിലവസരം വരേണ്ടത് ചെറുകിട ഇടത്തരം വ്യവസായങ്ങളിലൂടെയാണ്. എന്നാല്‍ ഇന്ന് എല്ലാ ശ്രദ്ധയും മുന്‍നിരയിലുള്ള 100 കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇടത്തോട്ടോ വലത്തോട്ടോ ഇന്ത്യ എങ്ങോട്ട് എന്ന് ചോദിച്ചപ്പോള്‍ നേരെ തലയുയര്‍ത്തി നില്‍ക്കുമെന്നാണ് ഇന്ദിരാ ഗാന്ധി പറഞ്ഞത്. ഒരു ഘട്ടത്തില്‍ എല്ലാവരും കരുതി ഇന്ത്യ പരാജയപ്പെടുമെന്ന്, പക്ഷേ ഇന്ത്യ കൂടുതല്‍ ശക്തമായി മുന്നോട്ട് പോയെന്നും രാഹുൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ