പട്ന: ഭര്‍തൃഗൃഹത്തില്‍ ശൗചാലയമില്ലെന്നു പറഞ്ഞ് യുവതി ഭര്‍ത്താവിന്റെ പിതാവിനെതിരെ കേസ് കൊടുത്തു. ബിഹാറിലെ മുസാഫിര്‍പുര്‍ ജില്ലയിലെ ചെഗ്ഗന്‍ ന്യൂരാ ഗ്രാമത്തിലാണ് സംഭവം.

ഭര്‍ത്താവിന്റെ പിതാവിനും സഹോദരനും എതിരെയാണ് യുവതി പരാതി നല്‍കിയതെന്ന് മുസാഫര്‍പുര്‍ വനിതാ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ജ്യോതി മാധ്യമങ്ങളോടു പറഞ്ഞു. ശൗചാലയം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇരുവരുടേയും ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാത്തതാണ് കേസ് കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.

തമിഴ്നാട്ടിലാണ് ഇവരുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഭര്‍തൃഗൃഹത്തില്‍ ശൗചാലയമില്ലാത്തതിനാല്‍, ജോലിസ്ഥലത്തുനിന്ന് ഭര്‍ത്താവ് നാട്ടിലെത്തുമ്പോള്‍ മാത്രമേ ഇവര്‍ ഭര്‍തൃഗൃഹത്തില്‍ താമസിച്ചിരുന്നുള്ളു. ശൗചാലയമില്ലാത്തതിനാലുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പലവട്ടം ഭര്‍ത്താവിന്റെ അച്ഛനോടും സഹോദനോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്നാണ് ഇവര്‍ സെപ്റ്റംബര്‍ 25 ന് പോലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്തദിവസം തന്നെ ഭര്‍തൃപിതാവിനെയും സഹോദരനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. വീട്ടില്‍ ഉടന്‍ തന്നെ ശൗചാലയം നിര്‍മിച്ചു കൊടുത്തോളാമെന്ന് ഭര്‍തൃപിതാവ് എഴുതി നല്‍കിയതോടെ യുവതി പരാതി പിന്‍വലിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ