ന്യൂഡല്‍ഹി: 2019ലും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ ‘ദേശ് കാ മൂഡ്’ സര്‍വെ പ്രവചനം. എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം 38ഉം യുപിഎയ്ക്ക് 25 ശതമാനം വോട്ടോഹരിയും ആയിരിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. അതേസമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‍വാദി-ബിഎസ്പി സഖ്യത്തോടൊപ്പം ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ മികച്ച നേട്ടം കൈവരിക്കാനാവുമെന്നും സര്‍വേയില്‍ പറയുന്നു. കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ഉണ്ടാക്കാനാവില്ല. അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആകെയുളള ഏഴ് സീറ്റുകളും ബിജെപി വിജയിക്കുമെന്നും സര്‍വെയില്‍ പ്രവചിക്കുന്നു.

സര്‍വെ പ്രകാരം ഹരിയാനയില്‍ എന്‍ഡിഎയും യുപിഎയും ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ യുപിഎ ഭൂരിപക്ഷം നേടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎ തൂത്തുവാരും. ഒഡിഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളിനെ പിന്തളളി ബിജെപി അധികാരത്തിലെത്തുമെന്നും പ്രവചനമുണ്ട്.

ബിജെപിയും ശിവസേനയും തല്ലിപ്പിരിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ യുപിഎയ്ക്ക് ഗുണം ചെയ്യും. എന്‍സിപിയും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ നേട്ടം കൊയ്യാനാവുമെന്നാണ് പ്രവചനം. എന്നാല്‍ ശിവസേന ബിജെപിക്ക് ഒപ്പം നിന്നാല്‍ 36ഓളം സീറ്റുകള്‍ക്ക് വിജയിക്കുമെന്നും സര്‍വെയില്‍ വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ വസുന്ധര രാജെയ്ക്ക് എതിരായി ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും എന്‍ഡിഎ 25 സീറ്റില്‍ 18 എണ്ണം വിജയിക്കുമെന്നും പ്രവചനമുണ്ട്. ചത്തീസ്ഗഢില്‍ 11ല്‍ 9 സീറ്റും എന്‍ഡിഎ വിജയിക്കും. മധ്യപ്രദേശില്‍ 23 സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്നും സര്‍വെയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook