ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിൽ, രാജ്യത്ത് കഴിഞ്ഞ അഞ്ചു മാസത്തിനിടെ വന്‍ തൊഴില്‍ നഷ്ടമെന്ന് വിലയിരുത്തല്‍. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയില്‍ മാത്രം 50 ലക്ഷം ശമ്പളക്കാര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായി.
കഴിഞ്ഞ നാലു മാസത്തിനിടെ 1.89 കോടി ശമ്പളക്കാര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും പഠനം വ്യക്തമാക്കുന്നു. സംഘടിത മേഖലയില്‍ മാത്രം ആകെ തൊഴില്‍ നഷ്ടം രണ്ടു കോടിക്ക് അടുത്താണ്. സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ ചെറുകിട കച്ചവടക്കാരും ദൈനംദിന തൊഴിലാളികളും ദുരിതത്തിലായി. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോഴും കച്ചവടക്കാരെയും തെരുവ് കച്ചവടക്കാരെയും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും സിഎംഐഇ വ്യക്തമാക്കുന്നു.
Read More: Covid-19 Vaccine Tracker: കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉല്പാദിപ്പിക്കാന് താല്പര്യമുണ്ട്: റഷ്യ
ഈ കാലയളവിൽ പ്രതിദിനം 68 ലക്ഷം ദിവസ വേതനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഏറ്റവും പുതിയ സിഎംഇഇ ഡാറ്റ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഈ കാലയളവിൽ ഏകദേശം 1.49 കോടി ആളുകൾ കൃഷിയിൽ ഏർപ്പെട്ടു.
അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അതോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്‍ തിരിച്ചുപ്രവേശിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 32 ശതമാനത്തോളം മാസശമ്പള വിഭാഗമാണ്. ഇതില്‍ 75 ശതമാനത്തോളം പേരെ ലോക്ക് ഡൌണ്‍ ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചുലഭിക്കാനുള്ള സാധ്യത കുറവുള്ള വിഭാഗമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വിഭാഗത്തില്‍ തൊഴില്‍നഷ്ടം തുടരുന്നു എന്നും പഠനം പറയുന്നു.
ഐഎല്‍ഒയുടെയും എഡിബിയുടെയും സര്‍വേ പ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 41 ലക്ഷവും യുവാക്കളാണ്. ഭൂരിഭാഗം തൊഴില്‍ നഷ്ടവും നിര്‍മാണ കാര്‍ഷിക മേഖലകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.