ന്യൂഡൽഹി: സിക്കിമിനോടു ചേർന്ന ദോക് ലാ മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടി ചൈന. റോഡ് നിർമാണം പുനരാരംഭിച്ചതിനുപിന്നാലെ ആയിരത്തോളം സൈനികരെ ചൈന ഇവിടെ വിന്യസിച്ചു. അതേസമയം, ചൈനയുടെ നീക്കങ്ങളെ ഇന്ത്യ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ ക്ഷമ ചൈന പരീക്ഷിക്കരുതെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയും ഭൂട്ടാനും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന മേഖലയാണ് ദോക് ലാ. ഇവിടെ ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി) റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. സൈനികശേഷിയിൽ അത്ര ശക്തമല്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു.

വിഷയത്തിൽ ഇടപെട്ടതും റോഡ് നിർമാണത്തിൽനിന്നും പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതും ചൈനയെ ചൊടിപ്പിച്ചു. ഇന്ത്യ ആവശ്യപ്പെട്ടിട്ടും ചൈന പിന്മാറാൻ തയാറായില്ല. ഇതിനുപിന്നാലെ അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ശക്തമായി നിലയുറപ്പിച്ചു. തുടർന്ന് സംഘാർഷാവസ്ഥയിൽവരെ കാര്യങ്ങളെത്തി. ഒടുവിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഇന്ത്യയും ചൈനയും ദോക് ലാമിൽനിന്നും സൈനികരെ പിൻവലിച്ചു. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും ചൈന പ്രകോപനപരമായ നടപടികളുമായി മുന്നോട്ടു വന്നിരിക്കുന്നത്.

സൈനികപരമായി ഇന്ത്യയ്ക്കും ചൈനയ്ക്കും അതീവപ്രധാനമാണു ദോക് ലാ. ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമിക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നത് ഇന്ത്യയെയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ല. ഇതു മുതലെടുത്താണ് ചൈനയുടെ നീക്കങ്ങൾ.

ദോക് ലായുടെ നിയന്ത്രണം ലഭിച്ചാൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയ്ക്ക് സ്വാധീനമുണ്ടാവും. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന ഏറ്റെടുത്തു കഴിഞ്ഞാൽ സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പൂർണമായി വേർപെടുത്താൻ സാധിക്കും. ഇതിനെ എന്തു വില കൊടുത്തും നേരിടുക എന്നതാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യ നൽകിയിരിക്കുന്ന നിർദേശം. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സഹോദരബന്ധം തകർക്കുക എന്ന ഗൂഢലക്ഷ്യവും ചൈനീസ് നീക്കങ്ങൾക്കു പിന്നിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook