ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഉയർന്ന കാലയളവ് പരമാവധി 24 ആഴ്ച (ആറുമാസം)യായി വർധിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 20 ആഴ്ച(അഞ്ച് മാസം)യാണ് ഉയര്‍ന്ന കാലയളവ്.
ഗര്‍ഭച്ഛിദ്രത്തിനുള്ള കാലയളവ് ഉയര്‍ത്തുന്നതു സംബന്ധിച്ച മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി (ഭേദഗതി) ബില്‍ 2020നു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി നിയമം ഭേദഗതി ചെയ്തുകൊണ്ടാണു ബില്‍ കൊണ്ടുവന്നിരിക്കുന്നത്. സ്വന്തം ഗര്‍ഭത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടതു സ്ത്രീകളാണെന്ന നിലപാടില്‍ നിന്നുകൊണ്ടാണു പുതിയ ബില്‍ കൊണ്ടുവരുന്നത്.
ബില്ലിനെ പുരോഗമനപരമായ പരിഷ്‌കാരം എന്നു വിശേഷിപ്പിച്ച മന്ത്രി പ്രകാശ് ജാവദേക്കര്‍, കാലയളവ് ഉയര്‍ത്തുന്നതിലൂടെ സുരക്ഷിത ഗര്‍ഭച്ഛിദ്രം ഉറപ്പാക്കുമെന്നും സ്ത്രീകള്‍ക്കു പ്രത്യുത്പാദന അവകാശങ്ങള്‍ ലഭിക്കുമെന്നും പറഞ്ഞു. പുതിയ ബില്‍ മാതൃമരണ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗത്തെ അതിജീവിച്ചവര്‍, വൈകല്യമുള്ളതും പ്രായപൂര്‍ത്തിയാകാത്തവരുമായ പെണ്‍കുട്ടികള്‍ എന്നിങ്ങനെ ഗര്‍ഭിണിയാണെന്നു വൈകി തിരിച്ചറിയുന്നവര്‍ക്കു പുതിയ ബില്‍ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
Read Also: പീഡനം കൂടുന്നതിന് കാരണം നോൺ വെജ് ഭക്ഷണവും; ബിഗ് ബോസിലെ വിവാദ പ്രസ്‌താവന
”ഗര്‍ഭച്ഛിദ്രത്തിനുള്ള കൂടിയ കാലയളവ് ഇരുപതില്‍നിന്ന് 24 ആഴ്ചയായി ഉയര്‍ത്തുന്നതിലൂടെ പുരോഗമനമായ പരിഷ്‌കാരത്തിലൂടെ സ്ത്രീകള്‍ക്കു പ്രത്യുത്പാദനത്തിനുള്ള അവകാശം നല്‍കുകയാണ്. ആദ്യ അഞ്ചു മാസങ്ങളില്‍ ഗര്‍ഭാവസ്ഥയെക്കുറിച്ച് പെണ്‍കുട്ടികള്‍ അറിയാത്ത കേസുകളുണ്ട്. ഇതുമൂലം ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി അവര്‍ക്കു കോടതിയില്‍ പോകേണ്ടിവരാറുണ്ട്. ഇതിനാല്‍ പുതിയ ബില്‍ പ്രധാനപ്പെട്ടതാണ്. വിഷയത്തില്‍ ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. പുതിയ ബില്‍ മാതൃമരണ നിരക്ക് കുറയ്ക്കും,” പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ അഞ്ചുമാസത്തിനുശേഷമുള്ള ഗര്‍ഭച്ഛിദ്രത്തിന് കോടതിയുടെ അനുമതി തേടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പെണ്‍കുട്ടിക്കു ഗര്‍ഭാവസ്ഥയെക്കുറിച്ച് അറിവില്ലാത്ത സാഹചര്യങ്ങളാണ് ഇവയില്‍ മിക്കതും. അതുപോലെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയില്‍ കുഴപ്പം കണ്ടെത്തിയാല്‍ പോലും നിലവില്‍ അഞ്ച് മാസം കഴിഞ്ഞശേഷം ഗര്‍ഭച്ഛിദ്രത്തിന് അനുമതി ഇല്ല. ഇക്കാര്യങ്ങളില്‍ വലിയ മാറ്റം വരുന്നതാണു പുതിയ ബില്‍.