കൊല്‍ക്കത്ത: ബംഗാളിലെ അധ്യാപന നിയമന കുംഭകോണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപിയെ സിബിഐ ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ കൊല്‍ക്കത്തയിലെ സിബിഐയുടെ നിസാം പാലസ് ഓഫീസിലെത്തിയ അദ്ദേഹം എട്ട് മണിക്കൂറിലധികം അവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ അഭിഷേകിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
രാവിലെ 10.58ന് സ്വന്തമായി വാഹനം ഓടിച്ചാണ് സിബിഐ ഓഫിസില്‍ അഭിഷേക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ ഉന്നതരുമായി അടുപ്പമുള്ള സുജയ് കൃഷ്ണ ഭദ്രയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത നിയമനങ്ങളില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന ഭദ്ര മാര്‍ച്ച് 15ന് സിബിഐക്ക് മുന്‍പാകെ ഹാജരായിരുന്നു.
സിബിഐ ചോദ്യം ചെയ്യല്‍ സ്റ്റേ ചെയ്യണമെന്ന അഭിഷേകിന്റെ ഹര്‍ജി ജസ്റ്റിസ് സിന്‍ഹയുടെ കല്‍ക്കട്ട ഹൈക്കോടതി ബെഞ്ച് വ്യാഴാഴ്ച തള്ളിയിരുന്നു. അഴിമതിയുടെ ക്രിമിനല്‍ വശമാണ് സിബിഐ അന്വേഷിക്കുന്നത്. നിയമന ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട പണമിടപാടാണ് ഇഡി പരിശോധിക്കുന്നത്. താന്‍ അഴിമതി നടത്തിയതായി തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ അഭിഷേക് ബാനര്‍ജി സിബിഐയെ നേരത്തേ വെല്ലുവിളിച്ചിരുന്നു.
2016ല്‍ ബംഗാളിലെ വിദ്യാഭ്യാസ മേഖലയില്‍ ആയിരക്കണക്കിന് അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ടതാണ് നിയമന കുംഭകോണം. റിക്രൂട്ട്മെന്റ് പ്രക്രിയയിലെ അപാകതകള്‍ ആരോപിച്ച് ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തു, കൂടാതെ നിരവധി കേസുകള്‍ കോടതി എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അഭിഷേകിനോട് അറസ്റ്റിലായവരുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.