പാക്കിസ്ഥാൻ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വൈദ്യപരിശോധനയിൽ ആരോഗ്യവാനെന്ന് തെളിഞ്ഞാൽ വിമാനം പറത്തുമെന്ന് ഐഎഎഫ് ചീഫ് മാർഷൽ ബി എസ് ധനോവ. അഭിനന്ദൻ ഇനി വിമാനം പറത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വൈദ്യ പരിശോധന റിപ്പോർട്ടാണെന്ന് മാർഷൽ വ്യക്തമാക്കി.
Also Read: ബലാക്കോട്ടില്‍ ആക്രമണം നടത്തിയത് ഭീകരരെ കൊല്ലനോ അതോ മരം മുറിക്കാനോ: ആഞ്ഞടിച്ച് സിദ്ദു
അഭിനന്ദൻ വൈദ്യപരിശോധനയ്ക്ക് വിധേയനായെന്നും ആവശ്യമായ ചികത്സകൾ നൽകി വരുകയാണെന്നും വ്യോമ സേന മേധാവി ചീഫ് മാർഷൽ ബി എസ് ധനോവ പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ തിരികെ എത്തി വിമാനം പറത്തണമെന്നാണ് ആഗ്രഹമെന്ന് ഡോക്ടര്‍മാരോടും അഭിനന്ദന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Also Read: എത്രയും വേഗം കോക്ക്പിറ്റിലേക്ക് മടങ്ങിയെത്തണമെന്ന് അഭിനന്ദന്‍
പാക്കിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദൻ മാർച്ച് ഒന്നിനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. തീരുമാനിച്ചതിലും നാല് മണിക്കൂർ വൈകിയാണ് അഭിനന്ദനെ പാക്കിസ്ഥാൻ കൈമാറിയത്. വെള്ളിയാഴ്ച രാത്രി 9.20നാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ അകമ്പടിയോടെ അഭിനന്ദനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചത്. ‘എന്റെ രാജ്യത്ത് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നായിരുന്നു ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതിന് ശേഷം അഭിനന്ദന്റെ ആദ്യ പ്രതികരണം.
ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം തകർന്ന് പാക് മേഖലയിൽ വീണത്. പാക് സ്വദേശികൾ അഭിനന്ദനെ പിടികൂടി സൈന്യത്തിന് കൈമാറുകയായിരുന്നു. ബുധനാഴ്ചയാണ് പാക്കിസ്ഥാൻ വ്യോമസേന വിമാനങ്ങൾ ജമ്മു കശ്മീരിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങൾക്ക് സമീപത്തുളള ആളില്ലാ പ്രദേശങ്ങളിൽ പാക് വിമാനങ്ങൾ വ്യോമാക്രമണം നടത്തി. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായി. ചൊവ്വാഴ്ച ബാലാകോട്ടിലെ ഭീകര ക്യാംപുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് ബദലായിട്ടായിരുന്നു പാക് ആക്രമണം.