ന്യൂഡല്‍ഹി: മിഗ് 21 പോര്‍വിമാനം പറത്തി വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍മാന്‍. എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവയ്‌ക്കൊപ്പമാണ് വര്‍ധമാന്‍ മിഗ് 21 പറത്തിയത്. പഠാന്‍കോട്ട് എയര്‍ബേസില്‍ വച്ചായിരുന്നു ഇരുവരും ചേര്‍ന്ന് മിഗ് 21 പറത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാൻ അനുമതി നൽകിയത്. ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം പാക് സൈന്യം വെടിവച്ചിട്ടത്.

പാരച്യൂട്ടിൽ വിമാനത്തിൽനിന്നും രക്ഷപ്പെട്ട അഭിനന്ദൻ, പക്ഷേ പറന്നിറങ്ങിയത് നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലായിരുന്നു. തുടർന്ന് പാക് സൈന്യം അഭിനന്ദനെ പിടികൂടുകയും ചെയ്തു. 60 മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് അഭിനന്ദനെ പാക് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്.

അഭിനന്ദൻ മാർച്ച് ഒന്നിനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ‘എന്റെ രാജ്യത്ത് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നായിരുന്നു ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതിന് ശേഷം അഭിനന്ദന്റെ ആദ്യ പ്രതികരണം.

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് വീർ ചക്ര ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook