സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടേയും അറിയപ്പെടുന്നവരുടേയും ഫേക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പേരില്‍ ഇത്തരം ആള്‍മാറാട്ടം നടത്തുകയാണെങ്കില്‍ അത് ചോദിച്ച് പണി വാങ്ങുന്നതിന് തുല്യമാണെന്ന് വ്യോമസേനയുടെ അറിയിപ്പ്. അഭിനന്ദന്റെ പേരില്‍ ഫേക്ക് പ്രൊഫൈലുണ്ടാക്കി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവച്ച ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് കഴിഞ്ഞദിവസങ്ങളിലാണ് പൊലീസിന്റെ പിടിയിലായത്.

മൂന്ന് ദിവസത്തോളം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയില്‍ കഴിഞ്ഞ് അഭിനന്ദന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതു മുതല്‍ രാജ്യം ആഘോഷത്തിലാണ്. സെലിബ്രിറ്റികളും, ഉത്പന്നങ്ങളുടെ ബ്രാന്‍ഡുകളും, സാധാരണക്കാരായ ജനങ്ങളും അഭിനന്ദന്റെ മടങ്ങിവരവും അദ്ദേഹത്തിന്റെ ധീരതയുമൊക്കെ ആദരിക്കാനും ആഘോഷിക്കാനും പുതിയ വഴികള്‍ കണ്ടെത്തുകയാണ്.

എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയിലും ചിലര്‍ അദ്ദേഹത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഉണ്ടാക്കി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും നിരവധി വ്യാജ പ്രൊഫൈലുകളാണ് അദ്ദേഹത്തിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ഇത് തടയാനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനും ഒടുവില്‍ ഇന്ത്യന്‍ വ്യോമസേന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിനന്ദന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വ്യാജ പ്രൊഫൈലുകള്‍ പിന്തുടരരുതെന്നും വ്യോമസേന മുന്നറിയിപ്പ് നല്‍കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ