ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ അപകടത്തിൽപ്പെട്ട കമാൻഡർ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിൽ എത്തിക്കും. ഇന്ത്യൻ നാവികകപ്പലായ ഐഎൻഎസ് സത്പുരയിലാണ് അഭിലാഷിനെ ഇന്ത്യയിൽ എത്തിക്കുക.

ഇപ്പോൾ ആംസ്റ്റർഡാം ദ്വീപിലുളള അഭിലാഷിനെ വിദഗ്‌ധ ചികിത്സയ്ക്കായി ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനും അവിടെനിന്നും മൗറീഷ്യസിലേക്ക് മാറ്റാനുമായിരുന്നു ആദ്യ തീരുമാനം. എന്നാൽ അഭിലാഷ് ടോമിയുടെ പരുക്ക് ഗുരുതരമല്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. പായ് വഞ്ചി തകർന്ന് അഭിലാഷിന്റെ നട്ടെല്ലിനാണ് പരുക്കേറ്റത്. ഈ പരുക്ക് ഗുരുതരമല്ലെന്നാണ് നാവികസേന വൃത്തങ്ങൾ അറിയിച്ചത്. ആംസ്റ്റർഡാം ദ്വീപിലൂടെ ഊന്നുവടിയുടെ സഹായത്താൽ നടക്കുന്ന അഭിലാഷിന്റെ പുതിയ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Read: ‘അന്ന് കടല്‍ അവിശ്വസനീയമാം വിധം അശാന്തമായിരുന്നു’; രക്ഷിച്ചവര്‍ക്ക് നന്ദി പറഞ്ഞ് അഭിലാഷ് ടോമി

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിലാഷുമായി ഫോണിൽ സംസാരിച്ചു. അഭിലാഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ച് അറിഞ്ഞതായും എല്ലാ ഇന്ത്യക്കാരുടെ പ്രാർത്ഥനയും അഭിലാഷിനൊപ്പമുണ്ടെന്ന് അറിയിച്ചതായും മോദി ട്വീറ്റ് ചെയ്തു.

ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെയാണ് മലയാളിയായ അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടത്. പായ് വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന് ടോമിയുടെ നടുവിനാണ് പരുക്കേറ്റത്. അദ്ദേഹത്തിന് അനങ്ങാൻ സാധിക്കാത്ത നിലയിലായിരുന്നു. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷിന് അടുത്തെത്തി രക്ഷപ്പെടുത്തിയത്.

ഇന്ത്യൻ നാവികസേനയുടെ പി-8ഐ വിമാനം നടത്തിയ തിരച്ചിലിലാണ് അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. ഇതാണ് രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമായത്. വിമാനത്തിൽ നിന്ന് അയച്ച റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചതോടെയാണ് സുരക്ഷിതനാണെന്ന് വ്യക്തമായത്.

ഫ്രാൻസിലെ ‘ലെ സാബ്‌ലെ ദെലോൻ’ എന്ന തുറമുഖത്തു നിന്ന് ജൂലൈ ഒന്നിനാണ് ഗോൾഡൻ ഗ്ലോബ് മത്സരത്തിനായുളള യാത്ര ആരംഭിച്ചത്. മൽസരത്തിന്റെ 83-ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചാണ് അഭിലാഷ് സഞ്ചരിച്ച പായ് വഞ്ചി തുരിയ തകർന്നത്. ഇതിനോടകം 19446 കിലോമീറ്റർ അഭിലാഷ് പായ് വഞ്ചിയിൽ പിന്നിട്ടിരുന്നു. അപകടത്തിൽ പെടുന്ന ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook