scorecardresearch

Latest News

22,842 കോടി, രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ കേസെടുത്ത് സിബിഐ

എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനും അന്നത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെയുമാണ് കേസ്

Loan fraud case, CBI, AAP

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 22,842 കോടി രൂപ വഞ്ചിച്ചെന്ന പരാതിയില്‍ കേസെടുത്ത് സിബിഐ. എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനും അന്നത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെയുമാണ് കേസ്.

ബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവെറ്റിയ എന്നിവര്‍ക്കും മറ്റൊരു കമ്പനിയായ എബിജി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസുണ്ട്.

സിബിഐ റജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമവും അഴമതി നിരോധന നിയമവും പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, ചതി, ക്രിമിനല്‍ വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.

Also Read: ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04മായി പിഎസ്എല്‍വി-സി52 തിങ്കളാഴ്ച കുതിക്കും

2019 നവംബര്‍ എട്ടിനാണ് ബാങ്ക് ആദ്യം പരാതി നല്‍കിയത്. 2020 മാര്‍ച്ച് 12 നു ബാങ്കില്‍നിന്ന് സിബിഐ ചില വിശദീകരണങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് ആ വര്‍ഷം ഓഗസ്റ്റില്‍ ബാങ്ക് പുതിയ പരാതി നല്‍കി. ഒന്നര വര്‍ഷത്തിലേറെ നീണ്ട ‘സൂക്ഷ്മപരിശോധന’യ്ക്കുശേഷം, ഈ വര്‍ഷം ഫെബ്രുവരി ഏഴിനാണ് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തത്.

എസ്ബിഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തില്‍ പെട്ട 28 ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി 2468.51 കോടി രൂപയുടെ വായ്പാ സൗകര്യം കമ്പനിക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ബാങ്കുകള്‍ അനുവദിച്ചതല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കാണ് ഫണ്ട് ഉപയോഗിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നത്.

2012-17 കാലയളവില്‍ പ്രതികള്‍ ഒത്തുചേര്‍ന്ന് ഫണ്ട് വകമാറ്റം, ദുരുപയോഗം, ക്രിമിനല്‍ വിശ്വാസവഞ്ചന എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഫോറന്‍സിക് ഓഡിറ്റില്‍ തെളിഞ്ഞതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ടിൽ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Abg shipyard bank fraud cbi case