ചെന്നൈ: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി തന്നെയെന്ന് തമിഴ്‌നാട് മുന്‍ ഡി.ജി.പിയും മൈലാപൂര്‍ എം.എല്‍.എയുമായ നടരാജന്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം തേടി മഅ്ദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ പല തവണ പോയിട്ടുണ്ടെന്നും നടരാജന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ വീരപ്പന്റെ സഹോദരനും മഅദനിയും തമ്മില്‍ സൗഹൃദത്തിലായിരുന്നത് കൊണ്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കി മഅ്ദനിക്ക് പൊലീസുകാരെ സഹായിക്കാന്‍ കഴിഞ്ഞുവെന്നും നടരാജന്‍ വ്യക്തമാക്കി.

വീരപ്പനെ കുടുക്കാന്‍ വീരപ്പന്‍വേട്ടയ്ക്ക് നേതൃത്വം നല്‍കിയ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.)യെ സഹായിച്ചത് മഅദനിയാണെന്ന് എസ്ടിഎഫ് തലവന്‍ കെ വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു.
കെ. വിജയകുമാര്‍ എഴുതിയ ‘വീരപ്പന്‍, ചേസിങ് ദി ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വിവരമുണ്ടായിരുന്നത്. വീരപ്പന്‍വേട്ടയ്ക്ക് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന പുസ്തകത്തില്‍ ‘ദമനി’ എന്ന പേരിലാണ് വിജയകുമാര്‍ അബ്ദുന്നാസര്‍ മദനിയെക്കുറിച്ച് പരാമര്‍ശിച്ചത്.

അത് നാസര്‍ മഅ്ദനി തന്നെയാണെന്ന ആദ്യ സ്ഥിരീകരണമാണ് മൈലാപൂര്‍ എംഎല്‍എ നടത്തിയത്.
പുസ്തകത്തില്‍ മദനിയെക്കുറിച്ച് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയതിന്റെ ഗൂഢാലോചനക്കുറ്റത്തിന് ‘ദമനി’ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലം. അക്കാലത്ത് വീരപ്പന്റെ മൂത്തജ്യേഷ്ഠന്‍ മാതയ്യനും കോയമ്പത്തൂര്‍ ജയിലിലുണ്ട്. മാതയ്യനും ‘ദമനി’യും തമ്മില്‍ സൗഹൃദത്തിലായി. തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ വീരപ്പന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ച എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ 2003 സെപ്റ്റംബറില്‍ ജയിലിലെത്തി ‘ദമനി’യെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു.

വീരപ്പന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ തന്റെ നാല് അനുയായികളെ വിട്ടുനല്‍കാമെന്ന് മാതയ്യനോട് പറയണമെന്ന് എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ ‘ദമനി’യോട് ആവശ്യപ്പെട്ടു. പ്രത്യുപകാരമായി ‘ദമനി’യുടെ ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം ‘ദമനി’ സമ്മതംമൂളി. തന്റെ കൂടെനില്‍ക്കുന്ന നാലുപേരെ വീരപ്പന്‍ സംഘത്തിലേക്ക് അയയ്ക്കാമെന്ന് ‘ദമനി’ മാതയ്യനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ജയിലില്‍ തന്നെ പതിവായി കാണാന്‍വരുന്ന മരുമകന്റെ സഹായത്തോടെ മാതയ്യന്‍ ഈ വിവരം വീരപ്പന്റെ അടുത്തെത്തിച്ചു.

‘ദമനി’ പറഞ്ഞുവിട്ട ആള്‍ക്കാര്‍ എന്ന പേരില്‍ കന്യാകുമാരി സ്വദേശി ഹിദായത്തുള്ളയും നാലു സുഹൃത്തുക്കളും സത്യമംഗലം കാട്ടിലെത്തി വീരപ്പന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. ആഴ്ചകളോളം വീരപ്പന്‍ സംഘത്തോടൊപ്പം കഴിഞ്ഞ ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തി എസ്ടിഎഫിന് നല്‍കി.

പിന്നീട് ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ എന്ന പേരില്‍ വിജയകുമാര്‍ വീരപ്പനെ പിടിക്കാന്‍ പദ്ധതിയൊരുക്കി. നേത്രശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബര്‍ 18ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തില്‍വെച്ചാണ് എസ്.ടി.എഫ്. സേനാംഗങ്ങള്‍ വെടിവെച്ചുകൊന്നത്. ‘ദമനി’യുടെ ശിഷ്യന്‍മാര്‍ എന്നപേരില്‍ വീരപ്പന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ തങ്ങളുടെ ആള്‍ക്കാര്‍ നല്‍കിയ വിലപ്പെട്ട വിവരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ വീരപ്പന്‍വേട്ട ഇത്ര എളുപ്പമാകില്ലായിരുന്നുവെന്ന് വിജയകുമാര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ