ന്യൂഡൽഹി: മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ വരണമെന്ന പിഡിപി അദ്ധ്യക്ഷൻ അബ്ദുൾ നാസർ മഅ്ദനിയുടെ അപേക്ഷയിൽ ഇന്ന് പുതിയ സുരക്ഷ ചിലവ് കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. സുരക്ഷയ്ക്കായി പോകുന്ന പൊലീസുകാർക്ക് യാത്രാബത്തയും ദിനബത്തയും മാത്രം ചിലവായി നൽകിയാൽ മതിയെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണിത്.

ബെംഗലൂരു സ്ഫോടനക്കേസിൽ പ്രതിപട്ടികയിലുള്ള മഅ്ദനി വർഷങ്ങളായി വിചാരണ തടവുകാരനായി കഴിയുകയാണ്. സുരക്ഷയൊരുക്കേണ്ടത് കർണ്ണാടക സർക്കാരിന്റെയും പൊലീസിന്റെയും മാത്രം ചുമതലയാണ്. ഈ സാഹചര്യത്തിൽ മഅ്ദനിക്ക് ഒരുക്കുന്ന സുരക്ഷയുടെ വിശദമായ റിപ്പോർട്ടും പ്രഖ്യാപിക്കണം.

15 ലക്ഷം രൂപ മഅ്ദനിയുടെ സുരക്ഷാ ചിലവായി കാണിച്ച കർണ്ണാടക സർക്കാരിന് ഇന്നലെ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. യാത്ര തടസ്സപ്പെടുത്താനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് ചോദിച്ച കോടതി മഅ്ദനിക്ക് സുരക്ഷ ഒരുക്കാമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം തള്ളുകയും ചെയ്തു.

ജാമ്യത്തിലിരിക്കെ അമ്മയെ കാണാൻ പോയപ്പോൾ സുരക്ഷാ ചിലവ് നൽകേണ്ടിയിരുന്നില്ല. മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നാല് പൊലീസുകാരാണ് ഒപ്പമുണ്ടായിരുന്നത്. ഇവർക്കായി 18000 രൂപയാണ് നീക്കിവച്ചത്. മകന്റെ വിവാഹത്തിന് പോകുമ്പോൾ ഇത് 12.54 ലക്ഷം രൂപയും നികുതിയും അടക്കം 15 ലക്ഷം രൂപയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ