ഏഡൻ: സഹായം അഭ്യർഥിച്ചുകൊണ്ടുളള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ പുറത്തുവന്നു. യെമനി ന്യൂസ് വെബ്സൈറ്റാണ് വിഡിയോ പുറത്തുവിട്ടത്. ”എന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് എനിക്ക് ആശുപത്രിയിൽ പോകണമെന്ന്” ഫാ.ടോം വിഡിയോയിൽ പറയുന്നു. ”എന്നെ മോചിപ്പിക്കാൻ നിങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം എന്റെ പ്രിയപ്പെട്ട കുടുബാംഗങ്ങൾ ചെയ്യണമെന്നും” അദ്ദേഹം അഭ്യർഥിക്കുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ 15-4-2017 എന്നെഴുതിയ കാർഡ്ബോർഡും വിഡിയോയിൽ കാണാം.

വിഡിയോ എവിടെവച്ചാണ് ഷൂട്ട് ചെയ്തതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ഒരു വർഷമായി ഭീകരരുടെ പിടിയിലാണ് ഫാ.ടോം. 2016 മാർച്ചിലാണ് യെമനിൽനിന്നും ഭീകരർ ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. ഒപ്പമുണ്ടായിരുന്നവരെ കൊലപ്പെടുത്തിയതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. തട്ടിക്കൊണ്ടു പോകലിനു പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും വ്യക്തതയില്ല.

ഇതിനു മുൻപും സഹായം അഭ്യർഥിച്ചുളള ഫാ.ടോമിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കോട്ടയം പാല രാമപുരം സ്വദേശിയാണ് ഫാ.ടോം ഉഴുന്നാൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ