റിവാരി: ഹരിയാനയിൽ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് ബസ് സ്റ്റാന്റിൽ നിൽക്കുന്ന സമയത്ത്. മഹേന്ദർഗർഗിലെ ബസ് സ്റ്റാന്റിൽ നിൽക്കുകയായിരുന്നു 19 കാരിയായ പെൺകുട്ടി. അപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
റിവാരിയിൽനിന്നും 40 കിലോമീറ്റർ അകലെയുളള നയ ഗോണിലെ ഒരു വീട്ടിൽവച്ച് 12 പേർ ചേർന്ന് മണിക്കൂറുകളോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. അതിനുശേഷം പെൺകുട്ടിയെ പ്രതികൾ തിരികെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിടുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ പരിചയമുളളവരാണ് പ്രതികളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രാവിലെ ഏഴു മണിക്കാണ് പെൺകുട്ടി പിതാവിനൊപ്പം ബസിൽ പോയത്. 8.15 ഓടെ കനിന ബസ് സ്റ്റാന്റിൽ എത്തി. പെൺകുട്ടിയുടെ കോച്ചിങ് സെന്ററിന് അടുത്തുളള ബസ് സ്റ്റാന്റാണിത്. പെൺകുട്ടിയെ അവിടെയാക്കി പിതാവ് പോയി. ഈ സമയത്താണ് പ്രതികളായ മനീഷും പങ്കജും പെൺകുട്ടിയുടെ അടുത്തെത്തിയത്. ഇവരെ പെൺകുട്ടിക്ക് നേരത്തെ അറിയാമായിരുന്നു. ഇവർ പെൺകുട്ടിക്ക് കുടിക്കാനായി വെളളം നൽകി. വെളളം കുടിച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. പെൺകുട്ടിയെ ഇരുവരും ചേർന്ന് വാഹനത്തിൽ കയറ്റി നയാഗോണിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ മറ്റു ചിലരും ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന് എട്ടു മണിക്കൂറോളം തുടർച്ചയായി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വൈകിട്ട് 5 മണിയോടെ പെൺകുട്ടിയെ തിരികെ ബസ് സ്റ്റാന്റിൽ കൊണ്ടു വിട്ടു.
പ്രതികളിലൊരാൾ പെൺകുട്ടിക്ക് സുഖമില്ലെന്നും അവളെ ബസ് സ്റ്റാന്റിൽനിന്നും കൂട്ടിക്കൊണ്ട് പോകണമെന്ന് പിതാവിനോട് ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. പെൺകുട്ടിയുടെ പിതാവ് വരുന്നതുവരെ പ്രതികളിലൊരാൾ അവിടെ കാത്തുനിൽക്കുകയും ചെയ്തു.
I have spoken to the victim today, her condition is stable. The main accused have been identified. We are investigating every aspect of the case: Nuh Superintendent of Police Naazneen Bhasin #Rewari pic.twitter.com/aFxOTp9Y0C
— ANI (@ANI) September 15, 2018
അതേസമയം, നാടിനെ നടുക്കിയ ബലാത്സംഗം നടന്നിട്ട് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. റിവാരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സൂപ്രണ്ട് ഓഫ് പൊലീസ് നസ്നീൻ ഭാസിൻ സന്ദർശിച്ചു. പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായും കേസന്വേഷണം പുരോഗമിക്കുകയാണെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസന്വേഷണത്തിന് ഭാസ്മിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുളളത്.