പാക്കിസ്ഥാനിൽ മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ലഹോർ കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് സുപ്രീം കോടതി വെറുതെ വിടുകയും ചെയ്ത അസിയ ബീബി രാജ്യം വിട്ടു. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അസിയ പാക്കിസ്ഥാന് പുറത്തേക്ക് പോകുന്നത്. മുൾട്ടാൻ ജയിലിൽ നിന്നും മോചിതയായ അസിയ നെതർലൻഡ്സിലേക്ക് പറന്നതായാണ് റിപ്പോർട്ട്.
നെതർലൻഡ്സ് അംബാസിഡറിനും കുടുംബത്തിനും ഒപ്പമാണ് അസിയ ബീബി നൂർ ഖാൻ എയർ ബേസിൽ നിന്നും നെതർലൻഡ്സിലേക്ക് പോയതെന്ന് ബിബിസി ഉറുദു റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 31നാണ് അസിയയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കിയത്.
2009ലാണ് കേസിന് ആസ്‍പദമായ സംഭവം. ക്രിസ്ത്യൻ യുവതിയായ അസിയ സമീപത്തെ മുസ്‌ലിം വിഭാഗക്കാർ ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം കോരി, അതേ പാത്രത്തിൽ തന്നെ കുടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അസിയ വെള്ളം കുടിക്കുന്നത് കണ്ട മുസ്‌ലിം സ്ത്രീകൾ അസിയയോട് ദേഷ്യപ്പെടുകയും മതം മാറാൻ അവശ്യപ്പെടുകയും ചെയ്തു.
Read also: സ്വതന്ത്രയായി,പക്ഷേ, അസിയയ്ക്ക് പുറംലോകം കാണാനാകുമോ?
എന്നാൽ മതം മാറാൻ വിസമ്മതിച്ച അസിയക്കെതിരെ ജനക്കൂട്ടം മതനിന്ദ നടത്തി എന്നാരോപിച്ച് കേസ് നൽകുകയായിരുന്നു. കേസ് പരിഗണിച്ച ലാഹോർ ഹൈക്കോടതി 2010ൽ അസിയയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതേതുടർന്ന് കഴിഞ്ഞ എട്ട് വർഷമായി പാക്കിസ്ഥാനിലെ പേര് വെളിപ്പെടുത്താത്ത ഒരു ജയിലിലാണ് അസിയയെ തടവിലാക്കിയിരുന്നത്. എന്നാൽ ഒക്ടോബർ 31ന് അസിയയെ വെറുതെ വിടാൻ സുപ്രീം കോടതി ഉത്തരവാകുകയായിരുന്നു.
Read also: ആസിയ ബീബിയെ വെറുതെ വിട്ട സംഭവം; പാക്കിസ്ഥാന്‍ കത്തുന്നു; ക്ഷമ പരീക്ഷിക്കരുതെന്ന് സൈന്യം
അസിയയെ വെറുതെ വിട്ടതോടെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനിൽ അരങ്ങേറിയത്. തീവ്ര മുസ്ലിം മത സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെയാണ് നിരവധി പേര്‍ തെരുവിലിറങ്ങിയത്. തെഹരീകി താലിബാന്‍ പാര്‍ട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ പ്രവര്‍ത്തകര്‍ രാജ്യത്തെ പല നഗരങ്ങളിലും റോഡുകള്‍ ഉപരോധിച്ചു. പ്രതിഷേധത്തില്‍ 14ഓളം തീവ്ര നിലപാടുളള മുസ്ലിം സംഘടനകളുടെ പിന്തുണയുണ്ട്.
പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. റോഡുകളില്‍ ടയര്‍ കത്തിച്ചും പ്രതിഷേധം ശക്തമാവുകയാണ്. വിധിയെ വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് തീവ്ര മതവിഭാഗങ്ങളുടെ ആവശ്യം. അസിയയെ രാജ്യം വിടാൻ അനുവദിക്കില്ല എന്നും ഇക്കൂട്ടർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അസിയ നെതർലൻഡ്സിലേക്ക് പോയത്.