ദസ്‌ന: പതിന്നാലുകാരി ആരുഷി തല്‍വാറിനെയും വീട്ടുവേലക്കാരന്‍ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസില്‍ അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തല്‍വാറും ഭാര്യ നൂപുര്‍ തല്‍വാറും പുറത്തിറങ്ങി. 2008ല്‍ നടന്ന മകളുടെ കൊലപാതകത്തില്‍ ദമ്പതികള്‍ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.

ഇരുവരുടേയും അഭിഭാഷകന്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് സിബിഐയ്ക്ക് സമര്‍പ്പിച്ചതിന് ശേഷമാണ് ദസ്‌ന ജയിലില്‍ നിന്നും ഇവര്‍ പുറത്തിറങ്ങിയത്. ആരുഷിയുടേയും ഹേമരാജിന്റേയും കൊലപാതകത്തില്‍ 2013ല്‍ ആണ് ഗാസിയാബാദ് കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചത്. എന്നാല്‍ ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇരുവരേയും വെറുതെ വിട്ടത്.

ഇരുവരും ഇനി മുതല്‍ ജയിലിലെ ദന്തഡോക്ടര്‍മാരായാണ് ജോലി ചെയ്യുക. ഓരോ 15 ദിവസം കൂടുമ്പോഴും ഇരുവരും ജയിലിലെത്തി തടവുകാരുടെ ദന്തപരിശോധന നടത്തും. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഇരുവരും 2013 മുതല്‍ ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ കഴിഞ്ഞിരുന്നു. ജയിലില്‍ ആയിരുന്നപ്പോള്‍ തല്‍വാര്‍ ദമ്പതിമാരായിരുന്നു തടവുകാരുടെ ദന്തപരിശോധന നടത്തിയിരുന്നത്.

ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയതോടെ തടവുകാരുടെ ദന്തസംരക്ഷണ വകുപ്പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, തങ്ങള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വന്ന് തടവുകാരുടെ ദന്തപരിശോധന നടത്താമെന്ന് ദമ്പതിമാര്‍ ജയില്‍ അധികൃതര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. തടവുകാരെ കൂടാതെ ജയില്‍ ഉദ്യോഗസ്ഥരുടെ ദന്തസംരക്ഷണവും ഇവര്‍ തന്നെയാണ് നോക്കിയിരുന്നത്. തടവുകാരെല്ലാവരും തല്‍വാര്‍ ദമ്പതിമാരുടെ പരിചരണത്തില്‍ സന്തോഷവാന്മാരായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.

ജയിലിലെ ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിനായി ഗാസിയാബാദിലെ ഒരു ദന്താശുപത്രിയുമായി ജയില്‍ അധികൃതര്‍ ധാരണയിലെത്തിയിരുന്നു. അവിടെയുള്ള ഡോക്ടര്‍മാരും രണ്ടാഴ്ചയിലൊരിക്കല്‍ ദസ്‌ന ജയിലില്‍ തടവുകാരെ പരിശോധിക്കുന്നുണ്ട്. കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ തല്‍വാര്‍ ദമ്പതിമാരുടെ അടുത്ത് ചികിത്സ തേടിയെത്തുന്ന തടവുകാരുടെ എണ്ണം കൂടിയിരുന്നു. രാജേഷ് തല്‍വാറിന്റെ സഹോദരനും നേത്രരോഗ വിദഗ്‌ധനുമായ ദിനേഷ് തല്‍വാറും സംഘവും 15 ദിവസത്തിലൊരിക്കല്‍ ആശുപത്രിയിലെത്തി തടവുകാരെ പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ