പ്രമാദമായ ആരുഷി,ഹേമരാജ്‌ കൊലക്കേസിൽ നാടകീയമായ വഴിത്തിരിവ് . കൊല്ലപ്പെട്ട ഹേമരാജിന്റെ ഭാര്യ കേസിലെ പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ വെറുതെ വിട്ട ഉത്തരവിനെ ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചു.

2008 ലാണ് ദന്ത ഡോക്ടര്മാരായിരുന്ന രാജേഷ് ,നൂപുർ തൽവാർ ദമ്പതികളുടെ മകൾ ആരുഷി തൽവാർ , വീട്ടു ജോലിക്കാരൻ ഹേമരാജ് എന്നിവരെ നോയിഡയിലുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആരുഷിയെ കഴുത്തു മുറിച്ച നിലയിൽ കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. സംശയത്തിന്റെ മുന വീട്ടു ജോലിക്കാരനായ ഹേമരാജിലേക്കു തിരിഞ്ഞെങ്കിലും രണ്ടു ദിവസത്തിന് ശേഷം ഹേമരാജിനെ ടെറസിനു മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു

ഉത്തർ പ്രദേശ് പോലീസ് നടത്തിയ അന്വേഷണം ശരിയായ ദിശയിലല്ല എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മായാവതി കേസ് സി ബി ഐക്ക് കൈമാറി. കൊലപാതകം നടന്നു അഞ്ചു വർഷത്തിനു ശേഷം കൊലപാതകം നടത്തിയത് ആരുഷിയുടെ മാതാപിതാക്കളാണെന്നു സി ബി ഐ കണ്ടെത്തുകയും കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു . എന്നാൽ തെളുവുകളില്ല എന്ന കാരണത്താൽ ഇരുവരെയും ഒക്ടോബറിൽ അലഹബാദ് ഹൈകോടതി വെറുതെ വിട്ടു.

ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ടാണ് ഹേമരാജിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook