ന്യൂഡൽഹി: മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ, പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും, സർക്കാരിന്റെ കോൺടാക്ട് ട്രേസിങ് ആപ്പായ ആരോഗ്യ സേതു ഉപയോഗിക്കണമെന്ന് ഉത്തരവ്.
“ജീവനക്കാർക്കിടയിൽ ഈ ആപ്ലിക്കേഷന്റെ നൂറ് ശതമാനം ഉപയോഗം ഉറപ്പാക്കേണ്ടത് അതത് സ്ഥാനങ്ങളുടെ തൊഴിൽ ദാതാവിന്റെ ഉത്തരവാദിത്തമായിരിക്കും,” ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ കേന്ദ്രം നിർബന്ധമാക്കി. എന്നാൽ ഇത് ജീവനക്കാർക്ക് മാത്രമാണോ അതോ ഇവിടങ്ങളിൽ താമസിക്കുന്ന മറ്റ് ആളുകൾക്കും നിർബന്ധമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
“ആഗോളതലത്തിൽ പടർന്നു പിടിച്ച മഹാമാരിയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് ഓരോ രാജ്യത്തിനുമുണ്ട്. എന്നാൽ മറ്റിടങ്ങളിൽ ഇത് സ്വന്തം ഇഷ്ടപ്രകാരം ഓരോരുത്തരും ഉപയോഗിക്കേണ്ടതാണെങ്കിൽ, അത്തരമൊരു നടപടി നിർബന്ധമാക്കിയ ഏക രാജ്യം ഇന്ത്യയാണ്,”ടെക്നോളജി അഭിഭാഷകനും സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ സ്ഥാപകനുമായ മിഷി ചൗധരി പറഞ്ഞു.
Read More: അഭ്യൂഹങ്ങൾക്ക് വിട; കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്
നേരത്തെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.
കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന മൊബെെൽ ആപ്പാണ് ആരോഗ്യ സേതു. കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ആപ്പിൽ മലയാളം അടക്കം 11 ഭാഷകൾ ലഭ്യമാണ്. ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനങ്ങളുപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ആപ്പ് ഉപയോഗിക്കാൻ ജിപിഎസും ബ്ലൂടൂത്തും എപ്പോഴും ഓൺ ചെയ്ത് വയ്ക്കണം.
സഞ്ചാര പാത പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാം. എങ്ങനെ സ്വയം സമ്പർക്കവിലക്കിൽ കഴിയണമെന്നും രോഗലക്ഷണമുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടികളും ആപ്പ് വിശദീകരിക്കും. കേന്ദ്രസർക്കാരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
Read in English: Aarogya Setu app now ‘mandatory’ in all workspaces: Govt