ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. 14 വയസ്സിനു മുകളിലുളള യാത്രികരുടെ മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നതാണ് പ്രധാന മാർഗ നിർദേശം. വിമാനത്താവളത്തിനുളളിൽ പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ബാഗേജുകൾ എയർപോർട്ട് ഓപ്പറേറ്റർമാർ അണുവിമുക്തമാക്കണം. യാത്രികരെ കൊണ്ടുവിടുന്നതിനും കൊണ്ടുപോകുന്നതിനുമുളള വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു. തിങ്കളാഴ്ച (മേയ് 25) മുതലാണ് വിമാന സർവീസുകൾ പുനരാരംഭിക്കുക.

Read Also: ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

വിമാനയാത്രയ്ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ

 • വിമാനത്താവളത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന്, ജീവനക്കാരും യാത്രക്കാരും, വ്യക്തിഗത വാഹനങ്ങൾ മാത്രം അല്ലെങ്കിൽ അനുവദനീയമായ നിയന്ത്രിത ഇരിപ്പിടങ്ങളുള്ള അംഗീകൃത ടാക്സി സേവനങ്ങൾ / ഗതാഗത സേവനങ്ങൾ തിരഞ്ഞെടുക്കുക.
 • യാത്ര ചെയ്യുന്നവരുടെ മൊബൈലുകളിൽ ‘ആരോഗ്യ സേതു’ ആപ് നിർബന്ധമായും ഉണ്ടായിരിക്കുകയും രജിസ്റ്റർ ചെയ്യുകയും വേണം. എൻ‌ട്രി ഗേറ്റിലെ സി‌ഐ‌എസ്‌എഫ്‌ഐ എയർപോർട്ട് സ്റ്റാഫ് അത് പരിശോധിക്കും. 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
 • ടെർമിനൽ കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ തെർമൽ സ്ക്രീനിലൂടെ കടന്നു പോകണം.
 • വിമാനത്താവളത്തിൽ ട്രോളികൾ അനുവദിക്കില്ല. എന്നാൽ അത്യാവശ്യം വേണ്ട ചിലർക്ക് മാത്രം അനുവദിക്കും
 • യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുളള സൗകര്യം എയർപോർട്ട് ഓപ്പറേറ്റർമാർ ഒരുക്കണം
 • ബോര്‍ഡിങ് കാര്‍ഡുകള്‍ ഉള്‍പ്പടെ നല്‍കുന്ന കൗണ്ടറുകള്‍ ഗ്ലാസ് അല്ലെങ്കില്‍ പ്‌ളെക്‌സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം
 • വിമാനത്താവളത്തിനുളളിൽ സാമൂഹിക അകലം പാലിച്ചു മാത്രമേ യാത്രക്കാരെ ഇരിക്കാൻ അനുവദിക്കാവൂ
 • ടെർമിനൽ കെട്ടിടത്തിലും ലോഞ്ചുകളിലും പത്രങ്ങൾ / മാസികകൾ നൽകില്ല
 • കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണം
 • യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്
 • വിമാനത്താവളത്തിലെ വിവിധ ഇടങ്ങളിൽ ജീവനക്കാർക്കും യാത്രക്കാർക്കും വേണ്ടി ഹാൻഡ് സാനിറ്റൈസർ ഉണ്ടായിരിക്കണം.
 • സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കേണ്ടത്
 • അണുവിമുക്തമാക്കിയ ശേഷമാകും ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക
 • എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണം

രാജ്യത്തെ 100 ലധികം വിമാനത്താവളങ്ങളും നിയന്ത്രിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. അതേസമയം, ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുളള പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യ കമ്പനികൾക്കാണ്.

Read in English: Domestic flights key guidelines: Aarogya Setu app, baggage drop, transport

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook