മുംബൈ: മരങ്ങള്‍ വെട്ടുന്നതിനെതിരെ വന്‍ പ്രതിഷേധം. മുംബൈ ആരേ മേഖലയിലെ മരങ്ങള്‍ വെട്ടുന്നതിനെതിരെ അര്‍ധ രാത്രിയിലും പ്രതിഷേധവുമായി നൂറ് കണക്കിന് പേരാണ് ഒത്തുചേര്‍ന്നത്.

മരങ്ങള്‍ വെട്ടുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ മെട്രോ അധികൃതര്‍ ഇന്നലെ വൈകുന്നേരം മുതല്‍ മരങ്ങള്‍ മുറിക്കാന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ തന്നെ സാമൂഹ്യപ്രവര്‍ത്തകരും യുവാക്കളും 33 ഹെക്ടറോളം വരുന്ന മേഖലയിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധക്കാരുടെ എതിര്‍പ്പ് ശക്തമായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു. 300 മരങ്ങള്‍ വെട്ടിയതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. മേഖലയില്‍ താമസിക്കുന്ന ആദിവാസികളും പ്രതിഷേധിച്ചു. പൊലീസുകാര്‍ ബലം പ്രയോഗിച്ച് തങ്ങളെ അവിടെ നിന്നും മാറ്റാന്‍ ശ്രമിച്ചെന്നും മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

മരങ്ങള്‍ മുറിച്ചു നല്‍കാന്‍ അനുമതി നല്‍കിയെങ്കിലും ഉത്തരവ് വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം മാത്രമേ മരങ്ങള്‍ മുറിക്കാവൂ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. തിരക്കിട്ട് മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തി വയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മെട്രോ റെയിലിന്റെ കാര്‍ ഷെഡ് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ആരേയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത്. മുംബൈയുടെ ശ്വാസകോശമെന്നാണ് ആരേയെ വിശേഷിപ്പിക്കുന്നത്. 2500 ലേറെ മരങ്ങളാണ് മുറിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook