മുംബൈ: ആരെ കോളനിയിൽനിന്നു മരം മുറിക്കുന്നതു സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ ഇനി വാദം കേൾക്കുന്ന ഒക്ടോബർ 21 വരെ മരം മുറിക്കുന്നത് താൽക്കാലികമായി നിർത്തിവയ്‌ക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മെട്രോ 3 പദ്ധതിയുടെ കാർഷെഡ് നിർമാണവുമാായി ബന്ധപ്പെട്ടാണ് വനമേഖലയായ ആരെ കോളനിയിൽനിന്നും മരം മുറിച്ചു തുടങ്ങിയത്.

ആരെ കോളനിയിൽ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോടു നിർദേശിച്ചു. മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് നിയമ വിദ്യാർഥി റിഷവ് രഞ്ജന്‍ നല്‍കിയ പൊതുതാൽപര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

Also Read: ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് യുവതി മരിച്ച സംഭവം: കാറ്റിനെ അറസ്റ്റ് ചെയ്യണമെന്ന് അണ്ണാ ഡിഎംകെ നേതാവ്

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായത്. മെട്രോ കാർ ഷെഡ്ഡിനായി മുറിക്കേണ്ട മരങ്ങൾ മുറിച്ചതായും ഇനി മുറിക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. മുംബൈ മെട്രോ റെയിൽ കോർപറേഷനാണ് 2,185 മരങ്ങൾ മുറിക്കാൻ ഉത്തരവിട്ടത്. ഇതിൽ 2,134 മരങ്ങളും മുറിച്ചു കഴിഞ്ഞു.

മരങ്ങള്‍ വെട്ടുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് മെട്രോ അധികൃതര്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ മരങ്ങള്‍ മുറിക്കാൻ ആരംഭിച്ചത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook