scorecardresearch
Latest News

എ എ പിയുടെ ഒരു എം എല്‍ എ കൂടി അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് അഴിമതിവിരുദ്ധ വിഭാഗം

നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയം സംബന്ധിച്ച അഴിമതി ആരോപണക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിര സി ബി ഐയുടെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്

എ എ പിയുടെ ഒരു എം എല്‍ എ കൂടി അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് അഴിമതിവിരുദ്ധ വിഭാഗം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അധികാരം പിടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ആദ്മി പാര്‍ട്ടി (എ എ പി)യുടെ ഒരു എം എല്‍ എ കൂടി അറസ്റ്റില്‍. ഡല്‍ഹി എം എല്‍ എ അമാനത്തുള്ള ഖാനെ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗ(എ സി ബി)മാണ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നിലവിലുള്ളതും ഇല്ലാത്തതുമായ വിവിധ തസ്തികകളില്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നിയമനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ഇക്കാര്യം ലെഫ്റ്റനന്റ് ഗവര്‍ണറെ എ സി ബി അറിയിച്ചു.

അറസ്റ്റിന് മുമ്പ് അമാനത്തുള്ള ഖാനുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ എ സി ബി റെയ്ഡ് നടത്തിയിരുന്നു. ലൈസന്‍സില്ലാത്ത പിസ്റ്റളും 12 ലക്ഷം രൂപയും റെയ്ഡില്‍ കണ്ടെടുത്തതായാണ് എ സി ബി അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡല്‍ഹി പൊലീസ് മറ്റൊരു എഫ് ഐ ആര്‍ ഫയല്‍ ചെയ്യുകയാണ്.

അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തതായി എ സി ബി മേധാവി, അഡീഷണല്‍ സി പി മധുര്‍ വെര്‍മ പറഞ്ഞു, എ സി ബിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് എം എല്‍ എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇന്ന് നടത്തിയ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി അമാനത്തുള്ള ഖാന് സമന്‍സ് നല്‍കിയതായി വെര്‍മ വ്യാഴാഴ്ച പറഞ്ഞിരുന്നു.

റവന്യൂ വകുപ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ (ഹെഡ്ക്വാര്‍ട്ടേഴ്സ്) പരാതിയെത്തുടര്‍ന്ന് 2016-ലാണ് അമാനത്തുള്ള ഖാനെതിരേ കേസെടുത്തത്. ഡല്‍ഹി വഖഫ് ബോര്‍ഡില്‍ നിലവിലുള്ളതും ഇല്ലാത്തതുമായ വിവിധ തസ്തികകളില്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നിയമനം നടത്തിയെന്നായിരുന്നു പരാതി.

അഴിമതി നിരോധന നിയമത്തിലെ ഏഴ്, ഇന്ത്യന ശിക്ഷാ നിയത്തിലെ 120-ബി എന്നിവ പ്രകാരം 2020 ജനുവരിയിലാണ് എ സി ബി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അമാനത്തുള്ള ഖാനെ നീക്കണമെന്നാവശ്യപ്പെട്ട് എ സി ബി മുന്‍ മേധാവി എസ് കെ ഗൗതം ലെഫ്റ്റനന്റ് ഗവര്‍ണര്‍ സെക്രട്ടേറിയറ്റിനു കത്തെഴുതിയിരുന്നു. അമാനത്തുള്ള ഖാന്റെ ‘ക്രിമിനല്‍, ഭീഷണിപ്പെടുത്തല്‍’ സ്വഭാവം ‘സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ തടസപ്പെടുത്തുകയും സാക്ഷികളെ തടയുകയും ചെയ്യുന്നു’വെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു ജൂലൈ 29 ന് അയച്ച കത്ത്.

മേയില്‍, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷം അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. 2015-16ല്‍ വ്യാജകമ്പനികള്‍ വഴി കളളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ജെയിനു ഹവാല ഇടപാടില്‍ പങ്കുള്ളതായി മൊഴിയുണ്ടെന്ന് ഇ ഡി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കേസില്‍ പ്രതികളാണ്.

ഡല്‍ഹിയിലെ പുതിയ മദ്യനയത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ഓഗസ്റ്റില്‍ സി ബി ഐയുടെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മദ്യനയത്തിന്റെ മറവില്‍ ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കി പൊതുപ്രവര്‍ത്തകര്‍ക്കായി പണം വഴിമാറ്റിയെന്നാണു സി ബി ഐ ആരോപണം. കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ വസതി ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.

ഈ നടപടികളെല്ലാം രാഷ്ട്രീയപ്രേരിതമെന്നും തങ്ങളുടെ വളര്‍ച്ച തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്നുമാണ് എ എ പിയുടെ ആരോപണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Aaps amanatullah khan raided acb finds pistol and cash