ന്യൂഡൽഹി: കപിൽ മിശ്ര മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഉയർത്തിയ അഴിമതി ആരോപണങ്ങൾ കത്തിനിൽക്കെ വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് ആംആദ്മി പാർടി തിരികൊളുത്തി. ഡൽഹി നിയമസഭയിൽ അരവിന്ദ് കെജ്രിവാൾ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ആംആദ്മി പാർട്ടി അംഗങ്ങൾ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി കാട്ടുന്നതെങ്ങിനെ എന്ന് വ്യക്തമായി കാണിച്ച് കൊടുത്തത്.

നേരത്തേ ബിജെപി ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വൻ വിജയം നേടിയ സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി കാട്ടിയെന്ന ആരോപണം പ്രതിപക്ഷത്തെ മുഴുവൻ കക്ഷികളും ഉന്നയിച്ചിരുന്നു. ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ ആംആദ്മി പാർട്ടി നേതാക്കൾ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്ന വാദമുയർത്തി രംഗത്ത് വന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കെജ്രിവാൾ മന്ത്രിസഭയിലെ അംഗമായിരുന്ന കപിൽ മിശ്ര സിബിഐ ഓഫീസിലെത്തി മുഖ്യമന്ത്രിക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് നടന്ന് മിനിറ്റുകൾക്കകം തന്നെ കെജ്രിവാൾ വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനം ഡൽഹിയിൽ ആരംഭിച്ചു.

സഭയിൽ ആംആദ്മി അംഗം ഒരു വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുകയും അത് ബിജെപിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തുന്നതും വ്യക്തമാക്കി. ഓരോ നിയോജക മണ്ഡലത്തിനും ഓരോ രഹസ്യ കോഡുകളുണ്ടെന്നും ഇത് മാറ്റാൻ വെറും 90 സെക്കന്റ് കൊണ്ട് സാധിക്കുമെന്നും അംഗം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിംഗ് യന്ത്രം തന്നാൽ വെറും ഒന്നര മണിക്കൂർ കൊണ്ട് ഇക്കാര്യം തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദ ധാരിയായ സൗരഭ് ഭരദ്വാജാണ് ഇക്കാര്യം സഭയിൽ അവതരിപ്പിച്ചത്.

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രജൗരി ഗാർഡൻ എംഎൽഎ മഞ്ജിന്ദർ സിംഗ് സിർസയെ സ്വാഗതം ചെയ്തതിന് പിന്നാലെ തന്നെ ബിജെപി അംഗങ്ങൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു.  എന്നാൽ ഇതിനെ വകവയ്ക്കാതെ നിയമസഭാ സമ്മേളനത്തിലെ പ്രധാന അജണ്ടയിലേക്ക് യോഗം പോവുകയായിരുന്നു.

സൗരഭ് ഭരദ്വാജ് ഈ വിഷയം അവതരിപ്പിക്കുന്നതിനിടെ ബിജെപി അംഗങ്ങൾ പ്രതിഷേധം ശക്തമാക്കി. സഭയിൽ ബഹളം വച്ചു. സ്പീക്കർ നിവാസ് ഗോയൽ ബിജെപി പാർലമെന്ററി പാർടി നേതാവ് വിജേന്ദർ ഗുപ്തയോട് സഭയിൽ നിന്നും പോകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇത് നിരസിച്ചു. തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ ഇദ്ദേഹത്തെ സഭയിൽ നിന്ന് വലിച്ച് പുറത്തിറക്കി.

സൗരഭിന് പിന്തുണയുമായി ആംആദ്മി അംഗം അൽക ലാംബയാണ് സഭയിൽ പ്രസംഗിച്ചത്. ഇതാദ്യമായല്ല ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ച് ആരോപണം ഉയരുന്നതെന്ന് പറഞ്ഞ അവർ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ ബിജെപി വിജയമാണ് ചൂണ്ടിക്കാട്ടിയത്. “2015 ൽ ഡൽഹി തിരഞ്ഞെടുപ്പിൽ ആംആദ്മി വൻ വിജയം നേടി. ആരും ആക്ഷേപം ഉന്നയിച്ചില്ല. എന്നാൽ ഉത്തർപ്രദേശിൽ ബിജെപി ജയിച്ചപ്പോൾ ജനങ്ങൾ ആരോപണങ്ങളുമായി മുന്നോട്ട് വന്നു. ഞങ്ങൾ വോട്ട് ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു.”

ഇതിനിടെ സഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ട ബിജെപി എംഎൽഎ വിജേന്ദർ സിംഗ്, “മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഴിമതി കേസിൽ അകപ്പെട്ടിരിക്കുകയാണെന്നും, സത്യേന്ദർ ജയിനിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ആംആദ്മി അംഗങ്ങൾക്ക് അഴിമതി കേസ് ചർച്ച ചെയ്യാൻ താത്പര്യമില്ല. ഇതിനാലാണ് അവർ വിഷയം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് തിരിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ സമയം സഭയ്ക്കകത്ത് മറ്റൊരു ആംആദ്മി അംഗം ഇന്ത്യയിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശിൽ ഒരിക്കലും ഒരു പാർട്ടിക്ക് 282 സീറ്റുകൾ ഒറ്റയ്ക്ക് വിജയിക്കാനാവില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook