ഡൽഹി: സംസ്ഥാനത്തെ ഐഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണവുമായി ബന്ധപ്പെട്ട് സമരം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പിന്തുണയുമായി ആംആദ്മി പ്രവർത്തകർ തെരുവിലിറങ്ങി. അതേസമയം തങ്ങളുടെ സുരക്ഷയിൽ ഭീതിയുളളത് കൊണ്ടാണ് നിസ്സഹകരണം എന്ന് പറഞ്ഞ് ഐഎഎസ് അസോസിയേഷൻ രംഗത്ത് വന്നു.

എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് എല്ലാ സുരക്ഷയും ഉറപ്പുനൽകുന്നതായി പറഞ്ഞ അരവിന്ദ് കേജ്‌രിവാൾ അവരെ സ്വന്തം കുടുംബമാണെന്നും വാഴ്ത്തി. അതേസമയം കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം അരവിന്ദ് കേജ്‌രിവാളിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നു.

പക്ഷെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആംആദ്മി പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ആംആദ്മി പ്രവർത്തകർ നടത്തിയ മാർച്ചിൽ നൂറ് കണക്കിന് പേരാണ് പ്രതിഷേധവുമായി എത്തിയത്.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ അധികാരം ദുർവിനിയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. എന്നാൽ മാർച്ചിലെ ജനപങ്കാളിത്തം കുറയ്ക്കാൻ പൊലീസ് അഞ്ച് മെട്രോ സ്റ്റേഷനുകൾ ആദ്യം തന്നെ അടച്ചു.

അരവിന്ദ് കേജ്‌രിവാളിന്റെ സമരത്തെ എതിർത്ത ഐഎഎസ് അസോസിയേഷൻ സെക്രട്ടറി മനീഷ് സക്സേന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അതിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുകയുമാണെന്ന് ആരോപിച്ചു. ഞങ്ങൾ ഞങ്ങളുടെ ജോലികൾ അവധി ദിവസത്തിലുൾപ്പടെ ചെയ്യുന്നുണ്ടെന്ന് അവർ എഎൻഐയോട് പറഞ്ഞു.

സമരത്തിന് പിന്തുണ അറിയിച്ചുളള പ്രതിഷേധ മാർച്ച് സൻസദ് മാർഗിൽ പൊലീസ് തടഞ്ഞു. ആയിരക്കണക്കിന് പൊലീസുകാരെയാണ് ഡൽഹിയിൽ ആകമാനം വിന്യസിച്ചിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ