ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രിമാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരാണ് ഇന്നലെ നീതി ആയോഗ് യോഗത്തിന് ശേഷം പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്.

അതിനിടെ, നിരാഹാര സമരം ചെയ്യുന്നതിനിടെ ആരോഗ്യസ്ഥിതി വഷളായ ഡൽഹി മന്ത്രി സത്യേന്ദ്ര ജയിനെ ഇന്നലെ രാത്രി വൈകി ആശുപത്രിയിലേക്ക് മാറ്റി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന രാജ്‌നിവാസ് ധർണ ഏഴ് ദിവസം പിന്നിട്ടപ്പോഴാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡൽഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിലാണ് സത്യേന്ദ്ര ജയിനെ പ്രവേശിപ്പിച്ചത്. അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മറ്റ് മന്ത്രിമാരും സമരം തുടരുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് ആംആദ്മി പ്രവർത്തകർ നടത്തിയ സമരത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തിരുന്നു.

എന്നാൽ ഡൽഹിയിലെ ആംആദ്മി സമരത്തെ അനുകൂലിച്ചല്ല കോൺഗ്രസ് നിലപാടെടുത്തിരിക്കുന്നത്. അതേസമയം രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുളള ശ്രമമാണ് ഇതെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി.കുമാരസ്വാമി എന്നിവർ കുറ്റപ്പെടുത്തിയിരന്നു.

അതേസമയം, തങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും നിസ്സഹകരണം നടത്തുന്നില്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മന്ത്രിമാരുമായി സംസാരിക്കാതെ ഇരിക്കുന്നത് സുരക്ഷയെ കരുതിയാണെന്നാണ് മറ്റൊരു വാദം. അതേസമയം ഇന്നലെയും അരവിന്ദ് കേജ്‌രിവാൾ ഇവരുടെ വാദത്തിന് മറുപടിയുമായി എത്തി. ഐഎഎസ് ഉദ്യോഗസ്ഥർ സ്വന്തം കുടുംബത്തെ പോലെയാണെന്ന് പറഞ്ഞ കേജ്‌രിവാൾ സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ലെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook