ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽവച്ച് തന്നെ മർദ്ദിച്ചതായി ചീഫ് സെക്രട്ടറിയുടെ പരാതി. എഎപി എംഎൽഎമാരായ അജയ് ദത്തും പ്രകാശ് ജാർവാലുമാണ് മർദ്ദിച്ചതെന്ന് ലഫ്റ്റനറ്റ് ഗവർണർ അനിൽ ബായ്ജാലിന് നൽകിയ പരാതിയിൽ ചീഫ് സെക്രട്ടറി അൻഷു പ്രകാശ് പറയുന്നു.

അതേസമയം, ചീഫ് സെക്രട്ടറിയുടെ ആരോപണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ മർദ്ദനമോ കയ്യേറ്റമോ എഎപി എംഎൽഎമാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. മുഖ്യമന്ത്രിയുടെ വസതിയില്‍ തിങ്കളാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനിടെ ആയിരുന്നു മർദ്ദനമെന്നാണ് ചീഫ് സെക്രട്ടറിയുടെ ആരോപണം.

പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗമാണ് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്നത്. എംഎൽഎമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, ചീഫ് സെക്രട്ടറിയുടെ ആരോപണം നിഷേധിച്ച് എഎപി എംഎൽമാരും രംഗത്തെത്തി. ”യോഗത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകിയില്ല. ലഫ. ഗവർണറോട് താൻ മറുപടി പറയാമെന്നും എംഎൽഎമാരോട് പറയേണ്ടതില്ലെന്നുമാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. മാത്രമല്ല, ചില എംഎൽഎമാർക്കുനേരെ മോശം വാക്കുകൾ പ്രയോഗിക്കുകയും ചെയ്തു. എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അദ്ദേഹം യോഗത്തിൽനിന്നും ഇറങ്ങിപ്പോയി”- എഎപി നേതാവ് അതിഷി മർലേന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ