ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് രാജി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇരുവരുടെയും രാജി അംഗീകരിച്ചു. രാജിക്കത്ത് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിന് കൈമാറും. തുടര്‍ന്ന് രാഷ്ട്രപതിയുടെ അനുമതിക്കായി അത് രാഷ്ട്രപതി ഭവനിലേക്ക് അയയ്ക്കും.
മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിസോദിയ പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.
ഞായറാഴ്ച എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണു സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഡൽഹി റോസ് അവന്യു കോടതി അദ്ദേഹത്തെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി എൻ.കെ.നാഗ്പാൽ അംഗീകരിക്കുകയായിരുന്നു. കേസില്‍ രണ്ടാം തവണയാണു സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ 17 നാണ് ആദ്യം ചോദ്യം ചെയ്തത്. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്.
സത്യേന്ദ്ര ജയ്നിനെയും മനീഷ് സിസോദിയയെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷമായ ബിജെപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി സര്‍ക്കാരിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
.